എം.കെ. ദാമോദരന്‍ രാജിയ്ക്കൊരുങ്ങുന്നു?
കൊച്ചി: അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ രാജിയ്ക്കൊരുങ്ങുന്നതായി അഭ്യൂഹം. അടുത്തിടെ മദ്യദുരന്ത അന്വേഷണത്തില്‍ ഹൈക്കോടതിയുടെ നിലപാടാണ് അദ്ദേഹത്തെ രാജിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നറിയുന്നു. ഇത് സംബന്ധിച്ച് സിപിഎമ്മിന്റെ ഉന്നതനേതാക്കളുമായി എജി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി.
മദ്യദുരന്തത്തിന്റെ അന്വേഷണപുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് വഴി സമര്‍പ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. രജിസ്ട്രാര്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നും വ്യക്തമാക്കിയിരുന്നു.സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാന്‍ നിയുക്തനായിട്ടുള്ള അഡ്വക്കറ്റ് ജനറലിനെ വിശ്വാസമില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുന്നതാണ് ഈ വിധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭരണഘടനാപരമായി സാധുതയുള്ള അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനേക്കാള്‍ ഹൈക്കോടതിക്ക് വിശ്വാസം കോടതിക്ക് കീഴിലുള്ള ഉദ്യോഗസ്ഥനായ രജിസ്ട്രാറിലാണെന്ന് ഈ ഉത്തരവില്‍ നിന്ന് വ്യാഖ്യാനിക്കാമെന്ന് നിയമരംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു പരാമര്‍ശം കോടതിയില്‍ നിന്നുണ്ടായ സാഹചര്യത്തില്‍ എജി രാജിവെക്കേണ്ടതായിരുന്നു എന്ന അഭിപ്രായം സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.
ഇതിനു മുമ്പ് ഫ്രഞ്ച് ചാരക്കേസ്, പയ്യാവൂര്‍ കേസ് തുടങ്ങിയവയോട് എജി സ്വീകരിച്ച നിലപാടുകളും കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പേര്യ മരംവെട്ട് കേസ് സംബന്ധിച്ച് റവന്യൂ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും എജിയ്ക്കെതിരായ ഗുരുതരമായ ആരോപണങ്ങളുള്ളതായി സൂചനയുണ്ട്. റിപ്പോര്‍ട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല.
സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റാന്റിംഗ് കോണ്‍സലായിരുന്ന മാലിനി പൊതുവാള്‍ എജിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ഈയിടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സര്‍ക്കാര്‍ കേസുകള്‍ തന്നെ അറിയിക്കാതെ തഴയുകയാണെന്നായിരുന്നു മാലിനി പൊതുവാള്‍ ഉന്നയിച്ച ആരോപണം. എജി ഓഫീസിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം സംബന്ധിച്ച് എജിയ്ക്കെതിരെ അഴിമതിക്കേസും ലോകായുക്തില്‍ നിലവിലുണ്ട്.
ഇത്രമാത്രം ആരോപണങ്ങള്‍ക്ക് വിധേയനായ ഒരു അഭിഭാഷകനെ ഹൈക്കോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കാന്‍ വേണ്ടി ചുമതലപ്പെടുത്തുന്നതിന്റെ ധാര്‍മികതയെ കുറിച്ചും ചോദ്യമുയര്‍ന്നുകഴിഞ്ഞു. അതേ സമയം സിപിഎമ്മിന്റെ ഉന്നതനേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എം.കെ.ദാമോദരനെ സംരക്ഷിക്കാതിരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത. എന്തായാലും പേര്യ മരംവെട്ട് കേസില്‍ വീണ്ടും വിമര്‍ശന വിധേയമാവുന്ന പക്ഷം അഡ്വക്കറ്റ് ജനറല്‍ പദവി ഒഴിയാന്‍ എം.കെ.ദാമോദരന്‍ നിര്‍ബന്ധിതനായേക്കും.












Click it and Unblock the Notifications