മദ്യദുരന്തം: സര്‍ക്കാരിന് പങ്കെന്ന് വെള്ളാപ്പള്ളി
പാലക്കാട്: കേരളത്തില്‍ നടന്ന മദ്യദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനും എക്സൈസ് മന്ത്രി ടി.ശിവദാസമേനോനും പങ്കുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ തെറ്റായ അബ്കാരി നയമാണ് മദ്യദുരന്തത്തിനു കാരണം. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കണക്കു കൊണ്ടുള്ള കളികള്‍ നിരത്തി ശിവദാസമേനോന് രക്ഷപ്പെടാനാവില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
നവംബര്‍ 17 വെള്ളിയാഴ്ച പാലക്കാട് ഫ്രീ പ്രസ് ഓഫ് കേരളയുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പെട്ടവരും ചില സാംസ്കാരിക നായകരും അബ്കാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് നടേശന്‍ ചൂണ്ടിക്കാട്ടി.
ചാരായനിരോധനം ഒരിടത്തും വിജയിച്ച ചരിത്രമില്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ അതു തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ അബ്കാരി നയത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications