ശബരിമല: കരാര്‍ നല്കിയതില്‍ കോടികളുടെ നഷ്ടം
പത്തനംതിട്ട: ശബരിമലയില്‍ വിവിധയിനങ്ങളില്‍ കരാര്‍ നല്കിയ വകയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇക്കുറി കോടികളുടെ നഷ്ടമുണ്ടായി.
സ്റാളുകള്‍, നാളികേരവില്പന, വെടിവഴിപാട് എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ഇക്കുറി ലേലത്തില്‍ പോയത്. ദേവസ്വം ബോര്‍ഡിലെ ചില ജീവനക്കാരുടെ സഹായത്തോടെ കരാറുകാര്‍ നടത്തിയ ഒത്തുകളിയാണ് ഇതിനു കാരണമായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
വെടിവഴിപാട് നടത്തുന്നതിനുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം 15 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയതെങ്കില്‍ ഈ വര്‍ഷം അതിന്റെ പകുതിയോളം തുക മാത്രമേ ദേവസ്വം ബോര്‍ഡിന് ലഭിച്ചുള്ളൂ. ഇക്കുറി ആറര ലക്ഷം രൂപയ്ക്കാണ് വെടിവഴിപാട് ലേലം പോയത്.
വഴിപാടായി ലഭിക്കുന്ന നാളികേരം കൊപ്രയാക്കി വില്ക്കുന്നതിനുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം 207 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയതിന് ഇത്തവണ വെറും 99.5 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. മറ്റു കരാറുകളും ഇതു പോലെ കുറഞ്ഞ തുകയ്ക്കാണ് ലേലം കൊണ്ടിട്ടുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ ഭൂരിഭാഗവും ശബരിമലയില്‍ നിന്നാണ്. ഉത്സവകാലം ആരംഭിച്ചതിനാല്‍ നഷ്ടം സഹിച്ച് ഈ കരാറുകള്‍ അംഗീകരിക്കുകയല്ലാതെ ബോര്‍ഡിന് മറ്റു മാര്‍ഗമില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കരാറുകള്‍ നല്കിയതിലെ അപാകതകളെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications