മാരുതിയും സ്വകാര്യവല്‍ക്കരിക്കുന്നു
ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡില്‍ സര്‍ക്കാരിനുള്ള ഓഹരികള്‍ വില്‍ക്കാനുള്ള സാധ്യതകള്‍ ആരായാന്‍ കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിമാരുടെ ഉന്നതതല സമിതി രൂപീകരിക്കും. മാരുതിയുടെ ജപ്പാന്‍ പങ്കാളികളായ സുസുകി മോട്ടോഴ്സുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സമിതി രൂപീകരിക്കുക.
കേന്ദ്രസര്‍ക്കാരും സുസുകി മോട്ടോഴ്സും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് ഏതെങ്കിലും കക്ഷി ഓഹരി വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും മറ്റേ കക്ഷിയുമായി അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്.
ഓഹരിക്കൈമാറ്റത്തെക്കുറിച്ചുള്ള കേന്ദ്രസമിതിയുടെ (സിസിഡി) യോഗത്തിനു ശേഷം നവംബര്‍ 18 ശനിയാഴ്ച കേന്ദ്ര ഡിസിന്‍വെസ്റ്മെന്റ് സഹമന്ത്രി അരുണ്‍ ഷൂറി അറിയിച്ചതാണ് ഇക്കാര്യം. യോഗത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അധ്യക്ഷത വഹിച്ചു.
നാഗത്താനെയിലും ബറൂച്ചിലുമുള്ള ഇന്ത്യന്‍ പെട്രോകെമിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്ലാന്റുകളുടെ ഓഹരികള്‍ക്ക് പുതിയ അപേക്ഷ ക്ഷണിക്കാനും സിസിഡി യോഗം തീരുമാനിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ വഡോദരയിലുള്ള പ്ലാന്‍റ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കൈമാറും.
മാരുതിയുടെ ഓഹരിക്കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രൂപീരിക്കുന്ന ഉന്നതസമിതി 15 ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എക്സ്പെന്‍ഡിച്ചര്‍ ആന്റ് ഡിസിന്‍വെസ്റ്മെന്റ് വകുപ്പിലെയും വന്‍ വ്യവസായങ്ങളുടെ മന്ത്രാലയത്തിലെയും സെക്രട്ടറിമാര്‍ സമിതിയില്‍ ഉണ്ടാകുമെന്ന് കരുതുന്നു.
പ്രദീപ് ഫോസ്ഫേറ്റ്സിന്റെ 74 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാനും സിസിഡി യോഗം തീരുമാനിച്ചു.സിസിഡിയുടെ അടുത്ത യോഗം ഡിസംബര്‍ 23നാണ്.
എന്നാല്‍ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍), വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വിഎസ്എന്‍എല്‍) എന്നീ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. നാഷണല്‍ അലൂമിനിയം കോര്‍പ്പറേഷന് പുതിയൊരു പങ്കാളിയെ കണ്ടെത്തുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തില്ല.












Click it and Unblock the Notifications