150 കോടിയുടെ കടപ്പത്രം ഇറക്കും
കൊച്ചി: സംസ്ഥാനത്ത് വ്യവസായ വികസനത്തിന് പണം കണ്ടെത്തുന്നതിനായി വ്യവസായ വകുപ്പ് 150 കോടി രൂപയുടെ കടപ്പത്രം കൂടി ഉടനെ പുറപ്പെടുവിക്കുമെന്ന് മന്ത്രി സുശീല ഗോപാലന്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ ഡിസംബറില്‍ പൂര്‍ത്തിയാവുമെന്നും മന്ത്രി അറിയിച്ചു.
വ്യവസായ ഡയറക്ടറേറ്റ് നവംബര്‍ 18 ശനിയാഴ്ച കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വികസനത്തിന് ധനസമാഹരണം നടത്തുന്നതിനായി നേരത്തെ സര്‍ക്കാര്‍ 180 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചിരുന്നു. ഇതില്‍ 100 കോടി രൂപ സര്‍ക്കാരിന്റെ കൈവശമുണ്ട്. ഈ തുകയും കടപ്പത്രമിറക്കുമ്പോള്‍ പ്രയോജനപ്പെടുത്താനാകും.
കടപ്പത്രം വഴി സമാഹരിച്ച പണം മുമ്പ് പൊതുമേഖലയുടെ വികസനത്തിന് മാത്രമായാണ് നീക്കിവെച്ചിരുന്നത്. ഇത്തവണ ചെറുകിടവ്യവസായങ്ങളുടെയും വികസനത്തിന് പണം ചെലവിടും.
സംസ്ഥാനത്തേക്ക് വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നടത്തിയ വിദേശസന്ദര്‍ശനങ്ങള്‍ ഫലപ്രദമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ജൈവസാങ്കേതിക-വിവരസാങ്കേതിക മേഖലകളില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് അമേരിക്കയില്‍ നിന്ന് അന്വേഷണങ്ങള്‍ വരുന്നുണ്ട്.
യുഎഇയിലെ ഷാര്‍ജയില്‍ നിന്നും ഭരണാധികാരികളുമായി ബന്ധമുള്ള വ്യവസായ ഗ്രൂപ്പ് ടൂറിസം മേഖലിയില്‍ നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാനപതികളുമായി ചര്‍ച്ച നടത്തുന്നതിനായി ഞായറാഴ്ച താന്‍ ദില്ലിയിലേക്കു പോവുകയാണെന്നും സുശീലാ ഗോപാലന്‍ പറഞ്ഞു.












Click it and Unblock the Notifications