സിപിഐ: കോണ്‍ഗ്രസ് ബന്ധത്തിനോട് എതിര്‍പ്പ്
ദില്ലി: ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമാവാമെന്ന നിര്‍ദ്ദേശത്തോട് സിപിഐ പ്ലീനത്തില്‍ ശക്തമായ എതിര്‍പ്പ്.
പാര്‍ട്ടി പരിപാടി പുതുക്കാനായി ദില്ലിയില്‍ നടക്കുന്ന പ്ലീനത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസ്സുമായി സഖ്യമാവാമെന്ന നിര്‍ദ്ദേശമുണ്ടായത്. എന്നാല്‍ നവംബര്‍ 18 വെള്ളിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു.
കോണ്‍ഗ്രസ്സുമായുള്ള സഹകരണവും ഐക്യവും വേണ്ട എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള ഐക്യം ദോഷകരമാണന്നും കോണ്‍ഗ്രസ്സും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റു പാര്‍ട്ടികളുടെ ഐക്യത്തിന് മുന്‍ഗണന നല്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇരു കമ്മ്യൂണിസ്റു പാര്‍ട്ടികളും ലയിച്ച് ഒന്നാവണമെന്നും പ്രതിനിധികളില്‍ ചിലര്‍ നിര്‍ദ്ദേശിച്ചു.
ഗ്രാമങ്ങളെ അവഗണിച്ചതും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കായി സമരരംഗത്തിറങ്ങാത്തതും പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിനു കാരണമായെന്ന് സിപിഐ പ്ലീനം വിലയിരുത്തി. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിനുമേല്‍ ഇതുവരെ 150 ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications