10 വര്‍ഷത്തിനകം ഇന്ത്യ ബഹിരാകാശ സ്വാശ്രയത്വം നേടും
കൊച്ചി: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യ സ്വാശ്രയത്വം കൈവരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍. ഈ വര്‍ഷങ്ങളില്‍ ഒട്ടേറെ കൃത്രിമോപഗ്രഹങ്ങളും ബഹിരാകാശ വാഹനങ്ങളും ഇന്ത്യ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്താവിനിമയം, കാലാവസ്ഥാപ്രവചനം, കാര്‍ഷികപ്രവചനം എന്നിവയ്ക്കായി ഇതിനകം തന്നെ ബഹിരാകാശത്ത് 80 ട്രാന്‍സ്പോണ്ടറുകള്‍ ഇന്ത്യക്ക് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്രയും നേട്ടങ്ങള്‍ കൈവരിച്ച രാജ്യങ്ങള്‍ വളരെ കുറവാണ്. റോട്ടറി ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദൂര സംവേദന ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തുന്ന ഉപഗ്രഹമാപ്പിംഗ് ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനജീവിതം മാറ്റിമറിക്കാന്‍ സഹായിച്ചു. ഇപ്പോള്‍ ഒരു മാസം മുമ്പു തന്നെ കാര്‍ഷിക കാര്യങ്ങള്‍ പ്രവചിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു - കസ്തൂരിരംഗന്‍ ചൂണ്ടിക്കാട്ടി.
ഐഎസ്ആര്‍ഒയുടെ ഗ്രാമഉപഗ്രഹ പദ്ധതി അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദൂര ഗ്രാമങ്ങളില്‍ പോലും വിദഗ്ദ വൈദ്യോപദേശം നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ ടെലിമെഡിസിന്‍ വികസിപ്പിച്ചെടുത്തതാണ് ഐഎസ്ആര്‍ഒയുടെ മറ്റൊരു നേട്ടം - അദ്ദേഹം പറഞ്ഞു.
ബഹിരാകാശ രംഗത്ത് കസ്തൂരിരംഗന്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ആദരിക്കാന്‍ കൊച്ചിന്‍ ഈസ്റ് റോട്ടറി ക്ലബ് വിളിച്ചു ചേര്‍ത്തതായിരുന്നു പരിപാടി.












Click it and Unblock the Notifications