കോണ്‍ഗ്രസ്സുമായി കൂട്ടുചേരാന്‍ സിപിഐ തീരുമാനം
ദില്ലി: ബിജെപി സര്‍ക്കാരിനെതിരെയുള്ള മതേതര കക്ഷികളുടെ ഏകോപിത പോരാട്ടത്തില്‍ കോണ്‍ഗ്രസ്സുള്‍പ്പടെ ആരുമായും കൂട്ടുചേരാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി സിപിഐ ദേശീയ പ്ലീനം നവംബര്‍ 19ഞായറാഴ്ച സമാപിച്ചു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം മുന്നണിയെന്നത് മനോഹരമായ സ്വപ്നം മാത്രമാണെന്നും നാലു ദിവസത്തെ പ്ലീനം അംഗീകരിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ്സുമായി കൂട്ടുചേരാമെന്ന് ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശത്തെ പ്രതിനിധികളില്‍ നല്ലൊരു വിഭാഗം എതിര്‍ത്തുവെങ്കിലും പ്ലീനത്തിന്റെ ഒടുവില്‍ അത് അംഗീകരിക്കപ്പെടുകയായിരുന്നു.
ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ വല്യേട്ടനും ചെറ്യേട്ടനും ഇല്ലെന്നും എല്ലാവരും ഒന്നുപോലെ സഹകരിച്ചുള്ള പ്രവര്‍ത്തനമാണുള്ളതെന്നും ബര്‍ദാന്‍ പറഞ്ഞു.
പാര്‍ട്ടി പരിപാടി പുതുക്കുന്നതിന് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് പി.കെ.വാസുദേവന്‍ നായര്‍ ഈ സമിതിയില്‍ അംഗമാണ്. സമിതി തയ്യാറാക്കുന്ന കരടുരേഖ പാര്‍ട്ടിക്കകത്തു മാത്രമല്ല പുറത്തും ചര്‍ച്ചയ്ക്കായി നല്കുമെന്ന് ബര്‍ദാന്‍ പറഞ്ഞു.












Click it and Unblock the Notifications