സഭകളുടെ ഏകീകരണത്തിനു ശ്രമിക്കുമെന്ന് പാത്രിയര്‍ക്കീസ്
കോട്ടയം: പാശ്ചാത്യ-പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ വീണ്ടും ഏകീകരിക്കേണ്ടതുണ്ടെന്നും അതിനായി അക്ഷീണം യത്നിക്കുമെന്നും കേരളം സന്ദര്‍ശിക്കുന്ന എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ ഒന്നാമന്‍.
ചരിത്രപരമായി വേറിട്ടുപോയെങ്കിലും നമ്മള്‍ ഒന്നാണ്. നമ്മുടെ രണ്ടു സഭകളിലെയും മക്കള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിച്ചു തുടങ്ങണം - നവംബര്‍ 18 ശനിയാഴ്ച കോട്ടയം പഴയ സെമിനാരിയില്‍ സ്വീകരണയോഗത്തില്‍ പാത്രിയര്‍ക്കീസ് പറഞ്ഞു.
സഭകളുടെ ഐക്യത്തിനു വേണ്ടി സംയുക്ത ദൈവശാസ്ത്ര സമിതി ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി പുനരേകീകരണത്തിനുള്ള ചില തീരുമാനങ്ങളിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേദവിപരീതികള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പാത്രിയര്‍ക്കീസ് പറഞ്ഞു.
സ്വിറ്റ്സര്‍ലണ്ട് ആര്‍ച്ച് ബിഷപ്പ് ദമാസ്കിനോസ്, ഇസ്താംബുള്‍ ആര്‍ച്ച് ഡീക്കന്‍ റവ. തെറാസിയോസ്, ഇന്തോനേഷ്യയിലെ ഫാദര്‍ ഡാനിയേല്‍ പെയന്റോറോ, ഇന്ത്യയിലെ ഗ്രീക്ക് സ്ഥാനപതി സെപോസ്, മരിയ ബാക്കറ്റ്, ഫാദര്‍ യുയാക്കിം ഇവാംഗലിയോസ് എന്നിവരോടൊപ്പമാണ് പാത്രിയര്‍ക്കീസ് കേരളത്തിലെത്തിയത്.
പരിശുദ്ധ കത്തോലിക്കാ ബാവാ നിയുക്ത കത്തോലിക്കാ തോമസ് മാര്‍ തിമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഫിലിപ്പോസ് മാര്‍ യൗസേബിയോസ്, സെമിനാരി മാനേജര്‍ ഫാദര്‍ കെ.വി. ജോസഫ്, പ്രിന്‍സിപ്പാള്‍ ഫാദര്‍ ഡോ. കെ.എം. ജോര്‍ജ്, നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ലതികാ സുഭാഷ് തുടങ്ങിയവര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ സ്വീകരണത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications