നെടുങ്ങാടി ബാങ്ക് ശതാബ്ദി ആഘോഷിക്കുന്നു
കോഴിക്കോട്: സ്വകാര്യമേഖലയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ബാങ്കായ നെടുങ്ങാടി ബാങ്ക് ശതാബ്ദി ആഘോഷിക്കുന്നു.
ആകെ 168 ശാഖകളുള്ള ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 14.63 കോടി രൂപ അറ്റാദായമുണ്ടാക്കി. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 81.1 ശതമാനം അധികമാണ്. 1998- 99ല്‍ ബാങ്കിന്റെ അറ്റാദായം 8.08 കോടി രൂപയായിരുന്നു.
ശതാബ്ദിയോടനുബന്ധിച്ച് ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ബാങ്ക് ആവിഷ്കരിച്ചിട്ടുണ്ട്. ബാങ്ക് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ മുംബൈയിലെ പ്രശസ്ത മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് ആന്റ് കൂപ്പര്‍സ് ലിമിറ്റഡ് അഞ്ചു വര്‍ഷത്തേക്കുള്ള ബിസിനസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
നെടുങ്ങാടി ബാങ്കിന്റെ 168 ശാഖകളില്‍ 51ഉം കമ്പ്യൂട്ടര്‍വല്കരിച്ചു കഴിഞ്ഞു. തൊടുപുഴ, കോഴിക്കോട്ടെ ഗോവിന്ദപുരം, മൈസൂര്‍, സെക്കന്തരാബാദ്, പൂനെ എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുടങ്ങാനും ബാങ്കിന് പദ്ധതിയുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലേക്കു പ്രവേശിക്കാനും ബാങ്കിന് പരിപാടിയുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നെടുങ്ങാടി ബാങ്ക് കോഴിക്കോട്ട് ആറു കോടി രൂപ ചെലവഴിച്ച് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് മന്ദിരം പണിതുയര്‍ത്തിയിട്ടുണ്ട്. നവംബര്‍ 24 വെള്ളിയാഴ്ച രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഈ മന്ദിരം ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications