മുല്ലപ്പെരിയാര്‍: കേന്ദ്രസംഘം ഇന്നെത്തുന്നു
കുമളി: മുല്ലപ്പെരിയാറിലെ ബേബിഡാമിന് ബലക്ഷയം ഉണ്ടോ എന്ന കാര്യം വിലയിരുത്താന്‍ ദില്ലിയിലെ സെന്‍ട്രല്‍ സോയില്‍ മെക്കാനിക്സ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ നവംബര്‍ 20 തിങ്കളാഴ്ച മുല്ലപ്പെരിയാറിലെത്തും. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുവാന്‍ നേരത്തെ മുലപ്പെരിയാര്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം റിപ്പോര്‍ട്ട് എഴുതിയതിനെത്തുടര്‍ന്ന് പുതിയ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന് കാര്യമായ പ്രസക്തിയുണ്ടാകില്ലെന്നാണ് കരുതുന്നത്. ബേബിഡാമിന് ബലക്ഷയം ഉണ്ടെന്ന് കേന്ദ്രസംഘം റിപ്പോര്‍ട്ടു നല്‍കിയാലും കേരളത്തിന് കാര്യമായ ഗുണം ലഭിക്കില്ലെന്നാണ് കരുതുന്നത്. ഈയവസ്ഥയില്‍ തമിഴ്നാട് ബേബിഡാം ശക്തിപ്പെടുത്തി അണക്കെട്ടിന് ഉയരം കൂട്ടാനുള്ള സാധ്യതയാണ് കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത്. അതിനിടെ ഡാമിന്റെ അടിഭാഗത്ത് ചില സുഷിരങ്ങള്‍ വീണതായും അടരുകള്‍ ഇളകിയതായും റിപ്പോര്‍ട്ടുണ്ട്. അടിത്തട്ടില്‍ നിന്ന് ഡാമിലേക്കുള്ള സപ്പോര്‍ട്ടിംഗ് ബീമുകളും ദുര്‍ബലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ക്രമമായ നിരീക്ഷണത്തിലൂടെ ഘട്ടംഘട്ടമായി അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് മുമ്പു സന്ദര്‍ശിച്ച കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്‍കിയത്. ബേബിഡാമും അതിനോടു ചേര്‍ന്നുള്ള മണ്‍തിട്ടയും ശക്തിപ്പെടുത്താനും കേന്ദ്രസംഘം നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് തിങ്കളാഴ്ച കേന്ദ്രസംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്. ബേബി ഡാമിന്റെ ശക്തി ഈ സംഘം പരിശോധിക്കും. സംഘം ഏഴു ദിവസത്തോളം മുല്ലപ്പെരിയാറില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications