നവാസ് ഷെരീഫിനെതിരെ പാര്‍ട്ടിയില്‍ കലാപം
ഇസ്ലാമാബാദ്: പുറത്താക്കപ്പെട്ട മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ ആസ്ഥാനം വിമത പക്ഷം കൈയേറി.
ഷെരീഫിനെ പാര്‍ട്ടിനേതൃസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിമത പക്ഷം ആസ്ഥാനം കൈയേറിയത്. പാര്‍ട്ടി ആസ്ഥാനത്തേക്കുള്ള റോഡുകള്‍ പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മുമ്പ് ഷെരീഫിന്റെ അനുയായികളായിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരിക്കുന്നത്. ഷെരീഫിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഷുജാത് ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസ്ഥാനം കൈയേറിയത്. വിമതര്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്ന ഷെരീഫിന്റെ ചിത്രങ്ങള്‍ പറിച്ചെടുത്ത് തീയിട്ടു. ഓഫീസിനുള്ളില്‍ ഇപ്പോള്‍ ഷെരീഫിനെതിരായ മുദ്രാവാക്യം മുഴങ്ങുകയാണ്. ഓഫീസിനു പുറത്തും വിമതരെ അനുകൂലിക്കുന്നവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.
പാകിസ്ഥാന്‍ പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷാറഫ് 1999 ഒക്ടോബര്‍ 12ന് നടത്തിയ അട്ടിമറിക്കു ശേഷം ഷെരീഫ് ജയിലിലാണ്. മുഷാറഫിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് കോടതി ഷെരീഫിനെ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി പാകിസ്ഥാന്‍ മുസ്ലിം ലീഗില്‍ ഷെരീഫിനെതിരായ നീക്കം ശക്തി കൂടി വരികയായിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷെരീഫ് തന്റെ ഭാര്യ ഖുല്‍സൂമിനെ മുന്നിട്ടിറക്കിയതാണ് വിമതരെ പ്രകോപിപ്പിച്ചത്. ഷെരീഫ് പാര്‍ട്ടിയെ ഒരു കുടുംബ പാര്‍ട്ടിയാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications