ഋത്വിക് റോഷന്‍ ഷോ: ബംഗാള്‍ മന്ത്രിസഭയില്‍ പോര്
കല്‍ക്കത്ത: ഹിന്ദി ചലച്ചിത്രതാരം ഋത്വിക് റോഷന്‍ അവതരിപ്പിക്കുന്ന പരിപാടിയെ ചൊല്ലി സിപിഎം ബംഗാള്‍ ഘടകത്തില്‍ ശണ്ഠ. സ്പോര്‍ട്സ് മന്ത്രി സുഭാഷ് ചക്രവര്‍ത്തി താത്പര്യമെടുത്ത് സംഘടിപ്പിക്കുന്ന പരിപാടിയെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നിശിതമായി വിമര്‍ശിച്ചതോടെ മന്ത്രിസഭയിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നു.
അതേ സമയം മുഖ്യമന്ത്രിയും സ്പോര്‍ട്സ് മന്ത്രിയും തമ്മിലുള്ള വിയോജിപ്പ് യഥാര്‍ഥത്തില്‍ പരിപാടിയുടെ പേരിലല്ലെന്നും ഇരുവരും തമ്മിലുള്ള രാഷ്ട്രീയപ്പോരിന്റെ ഭാഗം മാത്രമാണെന്നും രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്പോര്‍ട്സ് വകുപ്പ് ഋത്വിക് റോഷന്‍ ഷോയുടെ കാര്യത്തില്‍ അനാരോഗ്യകരമായാണ് ഇടപെട്ടതെന്നാണ് മുഖ്യമന്ത്രി ഭട്ടാചാര്യയുടെ അഭിപ്രായം. സാസ്കാരികതകര്‍ച്ചയെയാണ് ഇത്തരം പരിപാടികള്‍ പ്രതിനിധീകരിക്കുന്നതെന്ന് ഭട്ടാചാര്യ പറയുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങളെ സ്പോര്‍ട്സ് മന്ത്രി മാനിക്കുന്നില്ല. പരിപാടി സംഘടിപ്പിക്കുന്നതിന് താന്‍ നേരത്തെ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ അനുമതി നേടിയിരുന്നുവെന്നാണ് ചക്രവര്‍ത്തി പറയുന്നത്. ഇത്തരം പരിപാടികളോട് അയിത്തം കല്പിക്കേണ്ടതില്ലെന്നാണ് ചക്രവര്‍ത്തിയുടെ പക്ഷം.
അതേ സമയം ജ്യോതിബസുവിനു ശേഷം ഭട്ടാചാര്യ മുഖ്യമന്ത്രിയാവുന്നതിനോട് ചക്രവര്‍ത്തിയടക്കമുള്ള നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും പാര്‍ട്ടിക്കകത്തെ പോര് ഋത്വിക് റോഷന്‍ ഷോയുടെ പേരില്‍ പുറത്തുവരികയാണെന്നും രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications