ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കൂട്ടി
ദില്ലി: ഭക്ഷ്യ എണ്ണയുടെയും അസംസ്കൃത എണ്ണയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ നവംബര്‍ 21 ചൊവാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര ഉല്പാദകരെ സഹായിക്കാനാണ് ഈ നടപടി.
വര്‍ധിച്ച ഇറക്കുമതി തീരുവ ചൊവാഴ്ച തന്നെ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. അടുത്തയിടെ അന്താരാഷ്ട്ര വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞത് രാജ്യത്തേക്ക് ഇതിന്റെ ഇറക്കുമതി വര്‍ധിക്കാനിടയാക്കുമെന്നും അത് തങ്ങളുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുമെന്നും ആഭ്യന്തര വിപണിയിലെ എണ്ണ ഉല്പാദകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സോയാബീന്‍ എണ്ണയുടെ ഇറക്കുമതി തീരുവ 25ല്‍ നിന്ന് 35 ശതമാനമായും വനസ്പതി നിര്‍മ്മിക്കാനുപയോഗിക്കുന്ന പാമോയിലിന്റെ തീരുവ 15ല്‍ നിന്ന് 25 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പാമോയിലിന്റെ ഇറക്കുമതി തീരുവ 35ല്‍ നിന്ന് 55 ശതമാനമാക്കിയിട്ടുണ്ട്.
വെളിച്ചെണ്ണ ഒഴികെയുള്ള മറ്റു ഭക്ഷ്യ എണ്ണകളുടെ തീരുവ 25ല്‍ നിന്ന് 35 ശതമാനമായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. അതേസമയം അസംസ്കൃത എണ്ണയെ സര്‍ച്ചാര്‍ജില്‍ നിന്നും പ്രത്യേക നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
സംസ്കൃത ഭക്ഷ്യ എണ്ണയില്‍ സോയാബീന്‍ എണ്ണയുടെ ഇറക്കുമതി തീരുവ 35ല്‍ നിന്ന് 45 ശതമാനമായും, ആര്‍ബിഡി പാമോയിലിന്റേത് 35ല്‍ നിന്ന് 65 ശതമാനമായും, പാമോയിലിന്റേത് 45ല്‍ നിന്ന് 65 ശതമാനമായും വര്‍ധിപ്പിച്ചു. കടല എണ്ണ, സൂര്യകാന്തി എണ്ണ, കടുകെണ്ണ എന്നിവയുടെ തീരുവ 35 ശതമാനത്തില്‍ നിന്ന് 45 ശതമാനമാക്കി കൂട്ടിയപ്പോള്‍ ബാക്കി എണ്ണകളുടെ തീരുവ 45 ശതമാനമായി തന്നെ തുടരും.
സംസ്കൃത എണ്ണകളെ സര്‍ച്ചാര്‍ജില്‍ നിന്നൊഴിവാക്കുമെങ്കിലും ഇവയ്ക്ക് നാലു ശതമാനം പ്രത്യേക നികുതി ഉണ്ടാവും. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം തകര്‍ച്ച നേരിടുന്ന കേരളത്തിലെ നാളികേര വിപണിക്ക് പുത്തന്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications