കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മട്ടാഞ്ചേരി പാലം: നിര്‍മാണം അന്തിമഘട്ടത്തില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: മട്ടാഞ്ചേരി പുതിയ പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ദ്രുതഗതിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം നിശ്ചിതതീയതിക്ക് ഒരു വര്‍ഷം മുമ്പ് തന്നെ പാലം തുറന്നുകൊടുക്കാനായേക്കുമെന്നാണ് നോഡല്‍ ഏജന്‍സിയായ വിശാല കൊച്ചി വികസന അതോറിറ്റിയുടെയും മേല്‍നോട്ടം വഹിക്കുന്ന കൊച്ചി തുറമുഖ ട്രസ്റിന്റെയും പ്രതീക്ഷ.

പാലത്തിന്റെ അറുപത് ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. 2001 ഫിബ്രവരിയില്‍ പാലവും ഏപ്രിലില്‍ അപ്രോച്ച് റോഡും പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് നിര്‍മാണത്തിന് കരാറെടുത്തിട്ടുള്ള ഗാമണ്‍ ഇന്ത്യ കമ്പനി അധികൃതര്‍ പറഞ്ഞു. 2002 ഫിബ്രവരിയില്‍ പാലം കമ്മിഷന്‍ ചെയ്യാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്.

മട്ടാഞ്ചേരിയും ഐലന്‍ഡുമായി ബന്ധിപ്പിക്കുന്ന 480 മീറ്റര്‍ നീളവും 15.38 മീറ്റര്‍ വീതിയുമുള്ള പാലത്തിന് കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് ശിലാസ്ഥാപനം നടത്തിയത്. ഇതിനകം പാലത്തിന്റെ മുഴുവന്‍ പൈലിംഗ് ജോലികളും പൂര്‍ത്തിയായി. 1.2 മീറ്റര്‍ വ്യാസമുള്ള 62 പൈലുകളാണ് പാലത്തിനുള്ളത്. 12 തൂണുകളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്.

ഇരുകരകളെയും ബന്ധിപ്പിക്കുന്നതിന് 44 ബീമുകളാണ് പാലത്തിനുള്ളത്. ഇതില്‍ 11 ബീമുകള്‍ ഉറപ്പിച്ചുകഴിഞ്ഞു. 44 മീറ്റര്‍ നീളവും 2.7മീറ്റര്‍ ഉയരവുമുള്ള ഒരു ബീമിന് 180 ടണ്‍ ആണ് ഭാരം. ബീമുകള്‍ കരയില്‍ തയാറാക്കിയ ശേഷം പിന്നീട് തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്ന സാങ്കേതികവിദ്യയാണ് പാലം നിര്‍മാണത്തിനായി കൈകൊണ്ടിട്ടുള്ളത്.

30 കോടി ചെലവിട്ട് ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലാണ് പാലം നിര്‍മിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ബിടിഒ വ്യവസ്ഥയില്‍ പാലം പണിയുന്നത്. നിര്‍മാണത്തിന് കരാറെടുത്തിട്ടുള്ളത് ഗാമണ്‍ ഇന്ത്യാ ലിമിറ്റഡ് ആണ്. ടോള്‍ പിരിവിലൂടെ പാലത്തിന്റെ നിര്‍മാണ ചെലവ് ഈടാക്കിയതിനു ശേഷം പാലം ജിസിഡിഎക്ക് കൈമാറും.

നിലവിലുള്ള പാലത്തിന് 600 മീറ്റര്‍ തെക്ക് മാറിയാണ് പുതിയ പാലം. ദേശീയ ജലപാതയ്ക്ക് കുറുകെ പണിയുന്നതിനാല്‍ മധ്യഭാഗത്ത് ജലനിരപ്പില്‍ നിന്നും ഏഴ് മീറ്റര്‍ ഉയരമുണ്ടാകും. പരമാവധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ പാലത്തില്‍ വാഹനമോടിക്കാം. വെല്ലിംഗ്ടണ്‍ ഐലന്റിലെ കണ്ടെയ്നര്‍ യാര്‍ഡിന് എതിര്‍വശത്ത് നിന്ന് തുടങ്ങുന്ന പാലം അവസാനിക്കുന്നത് പള്ളുരുത്തി ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X