സിമന്റ് വില കൂടുന്നു; കെട്ടിടംപണി കുറഞ്ഞു
കൊച്ചി: സിമന്റിന്റെ അമിതമായ വിലവര്‍ധന കേരളത്തിലെ കെട്ടിടനിര്‍മാണ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി.
സിമന്റ് വില കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇടക്കിടെ ഉയരുകയുണ്ടായി. 30 രൂപയാണ് ഇക്കാലയളവില്‍ ഉയര്‍ന്നത്. കഴിഞ്ഞ ആഴ്ച മൂന്ന് രൂപയോളം വില വര്‍ധിച്ചിരുന്നു.
സിമന്റ് വില കുത്തനെയുയരുന്നത് കെട്ടിടനിര്‍മാണത്തെ മിക്കവാറും സ്തംഭിപ്പിച്ചിരിക്കുകയാണ്. അതേ സമയം വില ഉയര്‍ത്താതെ നിലനിന്നുപോവാനാവില്ലെന്നാണ് സിമന്റ് കമ്പനികളുടെ നിലപാട്.
ഡീസല്‍, പെട്രോള്‍ വില വര്‍ധിച്ചതാണ് സിമന്റ് വില ഉയരാന്‍ കാരണമായതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 100 രൂപയോളം ഉത്പാദനച്ചെലവുള്ള ഒരു സിമന്റ് ബാഗിന് 60 രൂപയെങ്കിലും കേരളത്തിലെത്തിക്കാന്‍ ഗതാഗതച്ചെലവ് വരും. അതുകൂടി ഉള്‍പ്പെടുത്തുമ്പോള്‍ വിവിധകമ്പനികളുടെ സിമന്റിന്റെ വില 175 രൂപ മുതല്‍ 190രൂപ വരെയാകുന്നു.
അതേ സമയം കെട്ടിടനിര്‍മാണത്തിന് വേണ്ട കമ്പി, സാനിട്ടറി ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് വില ഉയര്‍ന്നിട്ടുമില്ല.
വില കുറഞ്ഞ സിമന്റ് ഇറക്കുമതി ചെയ്ത് കെട്ടിടനിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. കൊറിയന്‍ സിമന്റ് ഇറക്കുമതി ചെയ്താല്‍ 120 രൂപയേ വില വരുകയുള്ളൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications