ലൈംഗിക വൈകൃതം: അധ്യാപകനെതിരെ പി.ടി.എ
കോട്ടയ്ക്കല്‍: എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കിയ പ്രധാനാധ്യാപകനെതിരെ പി.ടി.എ. നടപടി ആവശ്യപ്പെട്ടു. കോട്ടയ്ക്കലിനടുത്ത് പറങ്കിമൂച്ചിക്കല്‍ സര്‍ക്കാല്‍ എല്‍.പി. സ്കൂളിലെ പ്രധാനാധ്യാപകന്‍ വി.എസ്. ശ്രീധരനെതിരെ നടപടി വേണമെന്നാണ് സ്കൂള്‍ പി.ടി.എ. ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബര്‍ 21 ചൊവാഴ്ച വിളിച്ചു ചേര്‍ത്ത പി.ടി.എ. യോഗത്തിലാണ് തീരുമാനം. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനികളെ ഓഫീസിലും ക്ലാസിലും വെച്ച് അധ്യാപകന്‍ ലൈംഗികവൈകൃതങ്ങള്‍ക്ക് പ്രേരിപ്പിക്കുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
ചില വിദ്യാര്‍ത്ഥിനികള്‍ സംഭവം വീട്ടില്‍ പറഞ്ഞതോടെയാണ് അധ്യാപകന്റെ ലൈംഗികവൈകൃതത്തിന്റെ കഥ പുറത്തുവരുന്നത്. ചില രക്ഷിതാക്കള്‍ ഇക്കാര്യം സ്കൂളിലെ മറ്റ് അധ്യാപകരോട് സൂചിപ്പിച്ചു. തുടര്‍ന്ന് പി.ടി.എ. പ്രസിഡണ്ട് പ്രധാനാധ്യാപകന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീടും പീഡനം തുടര്‍ന്നതോടെ മറ്റ് അധ്യാപകര്‍ പ്രധാനാധ്യാപകനെ നിരീക്ഷിക്കാന്‍ തുടങ്ങി. നവംബര്‍ 15 ബുധനാഴ്ച ഒരധ്യാപകന്‍ സംഭവം നേരില്‍ കണ്ടതിനെത്തുടര്‍ന്ന് ശ്രീധരന്‍ സ്കൂളില്‍ നിന്ന് അവധിയെടുത്തു. നവംബര്‍ 18 മുതല്‍ അദ്ദേഹം സ്കൂളില്‍ വന്നിട്ടില്ലത്രെ.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സ്കൂളിലെ ചില കോക്കസുകളാണ് ഇതിന്റെ പിന്നിലെന്നും പ്രധാനാധ്യാപകന്‍ ശ്രീധരന്‍ ആരോപിച്ചു. താന്‍ ഒരാഴ്ചയായി കാഷ്വല്‍ ലീവിലാണെന്നും ലീവ് അധികാരികള്‍ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications