കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ ഉള്‍പ്പെടുത്തണമെന്ന് ഫ്ലോറിഡ കോടതി
തലാഹാസി (ഫ്ലോറിഡ): ഫ്ലോറിഡയിലെ മൂന്നു കൗണ്ടികളില്‍ നടക്കുന്ന കൈകൊണ്ടുള്ള വോട്ടെണ്ണലിന്റെ ഫലം അന്തിമഫലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഫ്ലോറിഡ സുപ്രീംകോടതി വിധിച്ചു. വോട്ടു ചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിനാണ് എല്ലാത്തിലും പ്രാധാന്യം കോടതി ഉത്തരവില്‍ പറഞ്ഞു.
ഏഴു ജഡ്ജിമാരടങ്ങിയ കോടതിയുടെ വിധി ഏകകണ്ഠമായിരുന്നു. കോടതി വിധിയെത്തുടര്‍ന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ലിയു. ബുഷിന്റെ 930 വോട്ടിന്റെ ലീഡ് മറികടക്കാന്‍ കഴിയുമെന്ന വിശ്വാസം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അല്‍ഗോറിനുണ്ട്.
കോടതിയുടെ വക്താവ് ക്രെഗ് വാട്ടേഴ്സ് ആണ് സുപ്രധാനമായ വിധി അറിയിച്ചത്. നവംബര്‍ 22 ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 8.15ഓടു കൂടിയാണ് വക്താവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബൊവാര്‍ഡ്, മിയാമി-ദാദെ, പാം ബീച്ച് എന്നീ കൗണ്ടികളില്‍ കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ അന്തിമഫലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അല്‍ഗോര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഈ സുപ്രധാനവിധി.
നവംബര്‍ 26 ഞായറാഴ്ചയോടെ കൈകൊണ്ടെണ്ണുന്ന വോട്ടുകളും ഉള്‍പ്പെടുത്തി അന്തിമഫലം നിര്‍ണ്ണയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഞായറാഴ്ച സ്റേറ്റിലെ തിരഞ്ഞെടുപ്പ് ഓഫീസ് അവധിയാണെങ്കില്‍ തിങ്കളാഴ്ച രാവിലെയോടെ പുതിയ ഫലം സ്വീകരിക്കണം.












Click it and Unblock the Notifications