പെരിയാര്‍ മലിനീകരണം വ്യവസായങ്ങള്‍ക്കു ഭീഷണി
കൊച്ചി: പെരിയാറില്‍ ഉപ്പുവെള്ളത്തിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചത് ഏലൂര്‍ വ്യവസായ മേഖലയ്ക്കു ഭീഷണിയാകുന്നു. പുഴയില്‍ ലവണാംശം ഇനിയും വര്‍ധിച്ചാല്‍ മേഖലയിലെ ഭൂരിഭാഗം രാസവ്യവസായശാലകളും അടച്ചിടേണ്ടി വരും. ഫാക്ട്, എടയാറിലെ ബിനാനി സിങ്ക് ഫാക്ടറികളാണ് പുഴയില്‍ കായലില്‍ നിന്നുള്ള ഓരുജലം കയറിയതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്നത്.
ഫാക്ടിലും ബിനാനി സിങ്കിലും ബോയിലറുകളുടെ പ്രവര്‍ത്തനം നവംബര്‍ 21 ചൊവാഴ്ച നിര്‍ത്തിവെച്ചു. ബോയിലറുകളില്‍ ഉപയോഗിക്കുന്നതിനായി പെരിയാറില്‍ നിന്നു പമ്പു ചെയ്ത വെള്ളത്തില്‍ അനുവദനീയമായതിലും കൂടുതല്‍ ലവണാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
വെള്ളത്തില്‍ ക്ലോറൈഡിന്റെ അനുവദനീയമായ തോത് അഞ്ച് പിപിഎം(പാര്‍ട്ട്സ് പെര്‍ മില്യണ്‍) ആണെന്നിരിക്കെ ബുധനാഴ്ച വൈകീട്ട് ഈ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ ക്ലൊറൈഡിന്റെ അളവ് 500 പിപിഎം ആണെന്ന് കണ്ടെത്തി.
ലവണാംശം കലര്‍ന്ന ജലം ഉപയോഗിക്കുന്നത് ബോയിലറുകളെ തകരാറിലാക്കും. വെള്ളം ഇടയ്ക്കിടെ മാറ്റി മാത്രമെ പ്രവര്‍ത്തനം കുറച്ചെങ്കിലും മുന്നോട്ടു കൊണ്ടു പോകാനാവൂ. ബോയിലറുകളില്‍ ഉല്പാദിപ്പിക്കുന്ന ആവി പ്രയോജനപ്പെടുത്തുന്ന കൂറ്റന്‍ ഉപകരണങ്ങളുള്ള പ്ലാന്റുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നവയായതിനാല്‍ ഇതു പ്രായോഗികമല്ല. ബോയിലറുകളില്‍ വെള്ളം മാറ്റുന്നതിന്റെ ഭാഗമായി ഈ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഇടയ്ക്കിടെ നിര്‍ത്തുന്നത് ഭീമമായ ഉല്പാദന നഷ്ടത്തിനിടയാക്കും.
ഫാക്ടിലും ബിനാനി സിങ്കിലും പുഴയില്‍ നിന്നെടുക്കുന്ന ലവണാംശമില്ലാത്ത വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം മാത്രമാണ് നിലവിലുള്ളത്. അതിനാല്‍ ലവണാംശം കലര്‍ന്ന ജലം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം അസാധ്യമാവുന്നു. ശുദ്ധീകരണ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെയും ഓരു ജലം പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
പെരിയാറിലേക്ക് കായലില്‍ നിന്ന് ഓരു ജലം തള്ളിക്കയറുന്നത് ആലുവയില്‍ നിന്ന് കൊച്ചി നഗരത്തിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കുമുള്ള ശുദ്ധജലവിതരണത്തെ ബാധിക്കുമെന്നും ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. കുടിവെള്ളത്തില്‍ ക്ലോറൈഡിന്റെ അംശം 250 പിപിഎമ്മില്‍ കൂടുതലാവുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും എന്നതിനാലാണിത്.
ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നു വിടുന്നത് കുറഞ്ഞതാണ് പുഴയിലെ നീരൊഴുക്ക് കുറയുന്നതിനും കായലില്‍ നിന്ന് ഓരു വെള്ളം കയറി വരുന്നതിനും കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പെരിയാറില്‍ പുറപ്പള്ളിക്കാവ് കടവില്‍ ഓരു ജലം തടഞ്ഞുനിര്‍ത്താന്‍ പുഴയ്ക്കു കുറുകെ കെട്ടാറുള്ള മണല്‍ ബണ്ടിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതും പ്രശ്നകാരണമാണ്.
ഇതിനിടെ വ്യവസായമേഖലയില്‍ നിന്നും പുഴയിലേക്ക് മലിനജലം തള്ളിവിടുന്നത് വരാപ്പുഴ, ഏലൂര്‍ ഭാഗത്ത് കടുത്ത മലിനീകരണത്തിനിടയാക്കിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ രണ്ടു കൈവഴികളില്‍ വ്യവസായ മേഖല ചുറ്റിവരുന്ന കൈവഴിയില്‍ വെള്ളം ചുവന്നു കലങ്ങിയാണ് ഒഴുകുന്നത്. ഇവിടെ മത്സ്യങ്ങള്‍ ഇടയ്ക്കിടെ ചത്തു പൊങ്ങുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications