കേരളത്തില്‍ പോളിയോ വൈറസ്
തിരുവനന്തപുരം : നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്ന് കരുതിയിരുന്ന പോളിയോ വൈറസിനെ കേരളത്തില്‍ കണ്ടെത്തി.
മലപ്പുറം കൊണ്ടോട്ടി ചക്കുമ്മേല്‍ വീട്ടില്‍ അബ്ദുള്‍ അലിയുടെയും അയിഷയുടെയും മകനായ അസീസ് എന്ന കുട്ടിയില്‍ നിന്നാണ് പോളിയോ രോഗത്തിന് കാരണമായ വൈറസിനെ വേര്‍തിരിച്ചെടുത്തത്. പോളിയോയ്ക്ക് കാരണമായ വൈല്‍ഡ് വൈറസിനെ നിര്‍മാര്‍ജനം ചെയ്തു എന്ന് കരുതിയിരുന്ന അധികൃതരെ ഈ വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്.
സപ്തംബര്‍ 29 നാണ് ഒന്നേമുക്കാല്‍ വയസ്സുള്ള അസീസിനെ തളര്‍ച്ചാ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മലം കൂനൂര്‍ പാസ്ചര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോള്‍ അതില്‍ വൈല്‍ഡ് വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്ന് തെളിയുകയായിരുന്നു.
ഡിസംബര്‍ 10നും ജനവരി രണ്ടിനുമുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയനുസരിച്ച് അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും പ്രതിരോധ ചികിത്സയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി.കെ.രാജന്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications