വ്യവസായമേഖല ശക്തിപ്പെടുത്താന്‍ ശ്രമം
ദില്ലി: കേരളത്തിലെ വ്യവസായമേഖലയെ പുനരുജ്ജീവിപ്പിക്കാനും കൂടുതല്‍ നിക്ഷേപം കണ്ടെത്താനും സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിനായി മറ്റ് രാജ്യങ്ങളിലെ അംബാസഡര്‍മാരെയും കേന്ദ്രമന്ത്രിമാരെയും വ്യവസായമന്ത്രി സുശീലാഗോപാലന്‍ കഴിഞ്ഞയാഴ്ച ദില്ലിയില്‍വച്ച് കണ്ടു.
കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം കിട്ടണമെന്ന് സുശീലാ ഗോപാലന്‍ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കേന്ദ്രകൃഷിമന്ത്രി നിതീഷ്കുമാറുമായി കൂടിക്കാഴ്ച നടത്തിയ സുശീല കേരളത്തിലെ കയറുത്പാദനത്തെ കുറിച്ച് ഗവേഷണം ചെയ്യാനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ ഒരു യൂണിറ്റ് കേരളത്തില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് നിതീഷ്കുമാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സുശീല പറഞ്ഞു.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിലെ ഉദ്യോഗസ്ഥരും കേരളത്തില്‍ യൂണിറ്റ് സ്ഥാപിക്കണമെന്ന അഭിപ്രായക്കാരാണെന്ന് അവര്‍ അറിയിച്ചു.
കേരളത്തിലെ വസ്ത്രവ്യാപാരരംഗത്ത് സംസ്ഥാനത്തിന് ആവശ്യമായ വിഹിതം നല്‍കണമെന്ന് ടെക്സ്സ്റൈല്‍ മന്ത്രി കഷിരാം റാണയെ കണ്ട് സുശീലാ ഗോപാലന്‍ ആവശ്യപ്പെട്ടു.
അതിര്‍ത്തിമേഖലയില്‍ റോഡുകള്‍ നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കുന്ന കയറിന്റെ ഒരു ഉപോത്പന്നമായ ജിയോ ടെക്സ്റ്റൈല്‍സ് പ്രതിരോധ വകുപ്പിനുവേണ്ടി കേരളത്തില്‍ നിന്നും വാങ്ങാമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കൊച്ചിയിലെ അരൂരില്‍ നഷ്ടം കാരണം പൂട്ടിയിട്ടിരിക്കുന്ന ബാമര്‍ ലാറി ആന്റ് കമ്പനി ലിമിറ്റഡിന്റെ കണ്ടയിനര്‍ നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാനുള്ള ശ്രമം നടന്നുവരികയാണെന്ന് സുശീലാഗോപാലന്‍ പറഞ്ഞു. മെട്രോ ട്രെയിന്‍ കോച്ചുകള്‍ക്കു വേണ്ടിയുള്ള ഷെല്ലുകള്‍ നിര്‍മിക്കുക എന്ന പദ്ധതിയോടെയാണ് ഫാക്ടറി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
സുശീലാഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം ഗള്‍ഫ് രാജ്യങ്ങളുടെ അംബാസഡര്‍മാരെയും പ്രതിനിധികളെയും കണ്ട് ചര്‍ച്ച നടത്തി. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവെച്ചു. ചര്‍ച്ച വേണ്ടത്ര വിജയമായില്ലെങ്കിലും വ്യക്തമായ പരിപാടികളോടെ ഇത്തരം ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications