പ്ലസ് ടുവില്‍ അദ്ധ്യാപക നിയമനത്തിന് അനുമതി
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 10,252 അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ധനകാര്യ വകുപ്പ് തത്വത്തില്‍ അനുമതി നല്കിയതായി മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു.
തസ്തിക സൃഷ്ടിക്കുന്നതിനുള്ള ശുപാര്‍ശ ധനകാര്യ വകുപ്പ് മൂന്ന് തവണ തിരിച്ചയച്ചിരുന്നു. ഇതു കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയമായ ഇടപെടലുണ്ടായതാണ് പുതിയ തീരുമാനത്തിനു കാരണം.
പുതിയതായി അനുവദിക്കുന്ന തസ്തികകള്‍ക്ക് 65 കോടി രൂപ വേണ്ടിവരുമെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഈ തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് കണ്ടെത്താനാണ് തീരുമാനം. ഇതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം വേണമെന്നുള്ളതിനാല്‍ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള ശുപാര്‍ശ അവിടേക്കയച്ചിരിക്കുകയാണ്.
പണം കണ്ടെത്തിയാല്‍ സപ്ലിമെന്ററി ഗ്രാന്റ് ആയി നല്കാനാണ് തീരുമാനം. ഇതിന് നിയമസഭയുടെ അംഗീകാരം വേണം. പുതിയ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ എയ്ഡഡ് മേഖലയില്‍ നടന്ന അദ്ധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാനും സാധിക്കൂ.
എന്നാല്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം കണ്ടെത്തുക എളുപ്പമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു കാരണം തസ്തിക സൃഷ്ടിക്കാനുള്ള ഉത്തരവ് ഉടനെയുണ്ടാവില്ലെന്നാണ് സൂചന.












Click it and Unblock the Notifications