ടിസിസി സിന്തറ്റിക് റൂട്ടയില്‍ പ്ലാന്റ് സ്ഥാപിക്കും
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഏലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് 30,000 ടണ്‍ വാര്‍ഷിക ഉല്‍പാദനശേഷിയുള്ള സിന്തറ്റിക് റൂട്ടയില്‍ പ്ലാന്റ് സ്ഥാപിക്കുന്നു.
ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് ഉല്‍പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുവാണ് വന്‍ കയറ്റുമതി സാധ്യതയുള്ള സിന്തറ്റിക് റൂട്ടയില്‍. 90 കോടി രൂപയാണ് പ്ലാന്റിന് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയില്‍ 25 ഏക്കര്‍ സ്ഥലം പ്ലാന്റ് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എം.പി.സുകുമാരന്‍ നായര്‍ നവംബര്‍ 27 തിങ്കളാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു.
തിരുവനന്തപുരം റീജ്യണല്‍ റിസേര്‍ച്ച് ലബോറട്ടറിയുമായി ചേര്‍ന്ന് ടിസിസി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് പദ്ധതിക്ക് പിന്നില്‍. വിദേശസാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോഴുള്ള വന്‍ സാമ്പത്തികഭാരം ഇതോടെ ഒഴിവാക്കാനാകും. പരിസരമലിനീകരണം വളരെ കുറുയുമെന്നതും ഇതിന്റെ നേട്ടമാണ്.
പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ടെക്നോളജി ഡെവലപ്മെന്റ് ബോര്‍ഡില്‍ നിന്നും കുറഞ്ഞ പലിശയില്‍ സാമ്പത്തികസഹായം കിട്ടുന്നതിന് ധാരണയായിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
പ്ലാന്റിലൂടെ കമ്പനിക്ക് മികച്ച ലാഭമുണ്ടാക്കാന്‍ കഴിയും. ടിസിസിയുടെ നിലവിലുള്ള ഉല്‍പാദന ശേഷി മെച്ചപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ ധനസഹായം ലഭ്യമായിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.












Click it and Unblock the Notifications