പെരിയാര്‍ റിസര്‍വോയറില്‍ ഷട്ടറുകള്‍ തുറന്നു
കൊച്ചി: പെരിയാറില്‍ ഭൂതത്താന്‍ കെട്ട് റിസര്‍വോയറില്‍ ഷട്ടറുകള്‍ തുറന്നതോടെ നദീജലത്തിലെ ലവണാംശത്തില്‍ കുറവ് വന്നതായി അധികൃതര്‍ അറിയിച്ചു. ഇതോടെ എറണാകുളം ജില്ലയിലെ വ്യാവസായിക-കാര്‍ഷിക മേഖലകള്‍ നേരിട്ട പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി.
ഭൂതത്താന്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയതോടെയാണ് പെരിയാറില്‍ നീരൊഴുക്ക് ശക്തിപ്പെട്ടത്. ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കുന്നതോടെ കൂടുതല്‍ വെള്ളം നദിയിലൊഴുക്കാന്‍ കഴിയുമെന്നും ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയിലെ വ്യവസായ സിരാകേന്ദ്രമായ എടയാര്‍-എലൂര്‍ മേഖലയ്ക്കും വരാപ്പുഴയിലെയും പറവൂരിലെയും കൃഷിയിടങ്ങള്‍ക്കുമാണ് കായലില്‍ നിന്നും പുഴയിലേക്ക് തള്ളിക്കയറിയ ഓരുവെള്ളം ഭീഷണി ഉയര്‍ത്തിയത്.
ഓരുവെള്ളം തടഞ്ഞുനിര്‍ത്തുന്നതിനുള്ള ബണ്ടുകളുടെ നിര്‍മാണം ആരംഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. നദീജലത്തില്‍ ക്ലോറൈഡിന്റെ അംശം കൂടിയതിനെ തുടര്‍ന്ന് പുഴയില്‍ നിന്നും വെള്ളമെടുക്കുന്ന വ്യവസായശാലകള്‍ പ്ലാന്റുകള്‍ അടച്ചിടേണ്ട ഘട്ടത്തിലേക്ക് വരെ കാര്യങ്ങളെത്തിയിരിക്കുന്നു.
കായലില്‍ നിന്നും പെരിയാറിലേക്ക് പാതാളം വഴിയും മാഞ്ഞാലി വഴിയുമാണ് ഓരുവെള്ളം കയറുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പ്രധാന പാതാളത്തും പുറപ്പിള്ളിക്കടവിലും ബണ്ട് കെട്ടണം. ബണ്ട് കെട്ടുന്നതിന് മണലടക്കുന്നതിനുള്ള ഡ്രജറുകള്‍ പുഴയിലെത്തിയെങ്കിലും പണി തുടങ്ങിയിരുന്നില്ല. പാതാളം ബണ്ടിന് 169 മീറ്ററും പുറപ്പിള്ളിക്കടവ് ബണ്ടിന് 360 മീറ്ററുമാണ് നീളം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കരാറുകാര്‍ക്ക് കുടിശിക നല്‍കാത്തതാണ് ബണ്ട് നിര്‍മാണം മുടങ്ങാന്‍ കാരണം.












Click it and Unblock the Notifications