മണിച്ചന്‍ കീഴടങ്ങുകയായിരുന്നുവെന്ന് സുരേന്ദ്രദാസ്
തിരുവനന്തപുരം : മണിച്ചനെ പൊലീസ് പിടികൂടിയതല്ലെന്നും മണിച്ചന്‍ കീഴടങ്ങുകയായിരുന്നുവെന്നും മണിച്ചന്റെ ബിസിനസ് പങ്കാളിയായ അമ്പലത്തറ സുരേന്ദ്രദാസ് വെളിപ്പെടുത്തി.
താന്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പരിലൂടെ മണിച്ചനെ ബന്ധപ്പെട്ട പൊലീസ് മണിച്ചനുമായി ചര്‍ച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയിലെത്തുകയായിരുന്നുവെന്ന് നവംബര്‍ 26 ഞായറാഴ്ച സുരേന്ദ്രദാസ് വ്യക്തമാക്കി.
മണിച്ചനെ പിടിക്കാന്‍ സഹായിക്കണമെന്ന് നവംബര്‍ 24 വെള്ളിയാഴ്ച കൊല്ലം എസ്പി മനോജ് എബ്രഹാം തന്നോട് ആവശ്യപ്പെട്ടതായി സുരേന്ദ്രദാസ് പറയുന്നു. ഇതനുസരിച്ചാണ് മണിച്ചന്റെ ബന്ധുവീടുകളും മറ്റും സന്ദര്‍ശിച്ച് സുരേന്ദ്രദാസ് ഒളിവിലുള്ള മണിച്ചനുമായി ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ മനസ്സിലാക്കിയത്.
ഒളിവ് ജീവിതം മടുത്തുവെന്നും താന്‍ കീഴടങ്ങുവാന്‍ പോവുകയാണെന്നും മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ മണിച്ചന്‍ സുരേന്ദ്രദാസിനെ അറിയിച്ചു. കീഴടങ്ങാനുള്ള മണിച്ചന്റെ ആഗ്രഹം സുരേന്ദ്രദാസ് മനോജ് എബ്രഹാമിനെ അറിയിക്കുകയും മൊബൈല്‍ നമ്പര്‍ പൊലീസിന് കൈമാറുകയും ചെയ്തു.
മൊബൈല്‍ ഫോണിലൂടെ പൊലീസ് മണിച്ചനുമായി ബന്ധപ്പെടുകയും അതുവഴി കീഴടങ്ങാനുള്ള കളമൊരുങ്ങുകയും ചെയ്തുവെന്നാണ് സുരേന്ദ്രദാസ് പറയുന്നത്.
സുരേന്ദ്രദാസിനെ കൊണ്ട് മണിച്ചനെ വിളിച്ചുവരുത്തി അറസ്റ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് അവകാശപ്പെട്ടത്. അറസ്റിന് ശേഷം മണിച്ചനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചുമില്ല. തന്നെ അറസ്റ് ചെയ്യുകയായിരുന്നു എന്ന് മാത്രമാണ് മണിച്ചന്‍ അപ്പോള്‍ പറഞ്ഞത്.












Click it and Unblock the Notifications