അരവണയില്‍ ബീഡിക്കുറ്റിയും
തിരുവനന്തപുരം: ശബരിമലയിലെ നേര്‍ച്ച പ്രസാദമായ അരവണ പായസത്തില്‍ മാലിന്യങ്ങള്‍ കലരുന്നതായുള്ള വിവാദം തുടരുന്നു. പ്രസാദത്തില്‍ എലിവാലും തെര്‍മോകോള്‍ കഷണവും കണ്ടതിനു പിന്നാലെ ബീഡിക്കുറ്റിയും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
നവംബര്‍ 28 ചൊവാഴ്ച തൊടുപുഴയില്‍ നിന്നാണ് അരവണയില്‍ ബീഡിക്കുറ്റി കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത്. നവംബര്‍ 25 ശനിയാഴ്ച സന്നിധാനത്തു നിന്നും മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി രാജേന്ദ്രന്‍ എന്ന സ്വാമിക്കു കിട്ടിയ സീല്‍ ചെയ്ത അരവണ ടിന്നിലാണ് ബീഡിക്കുറ്റി കണ്ടെത്തിയത്.
ഇതിനിടെ എലിവാല്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് നവംബര്‍ 28 ചൊവാഴ്ച ദേവസ്വം അധികൃതര്‍ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തിയിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ എന്റമോളജിവകുപ്പ് നടത്തിയ പരീക്ഷണത്തില്‍ അരവണയില്‍ കണ്ടെത്തിയത് എലിവാല്‍ തന്നെയെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ഇത് ഇഞ്ചിനാരാണെന്നാണ് സര്‍ക്കാര്‍ അനലിസ്റ്റിന്റെ കണ്ടെത്തല്‍.
അരവണയില്‍ എലിവാല്‍ കണ്ടെത്തിയെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ സ്വമേധയാ ഇടപെട്ടിരുന്നു. എത്രയും വേഗം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നവംബര്‍ 27 തിങ്കളാഴ്ച ദേവസ്വം അധികൃതരോടാവശ്യപ്പെട്ടിരുന്നു.
അതേ സമയം അരവണയിലെ മാലിന്യങ്ങള്‍ സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.
അരവണ വിതരണത്തിലെ ക്രമക്കേടുകള്‍ക്കുത്തരവാദിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാജിവയ്ക്കണമെന്ന് ബിജെപി കേരള ഘടകം ആവശ്യപ്പെട്ടു. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ നവംബര്‍ 29 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അരവണ വിതരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പത്മനാഭന്‍ ആവശ്യപ്പെട്ടു.
അരവണയില്‍ മാലിന്യം കണ്ട സംഭവത്തെ ലഘൂകരിച്ച് കാണിക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തിയായി അപലപിച്ച പത്മനാഭന്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിശബ്ദതതെയും വിമര്‍ശിച്ചു.
അരവണ വിതരണത്തിനായി ദേവസ്വം ബോര്‍ഡ് കണ്ടെത്തിയിരിക്കുന്ന സ്വകാര്യ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.












Click it and Unblock the Notifications