കലിക്കറ്റ് വി സി പദവി ദുരുപയോഗപ്പെടുത്തി
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് പദവി ദുരുപയോഗപ്പെടുത്തി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി ആരോപണം. കലിക്കറ്റ് സര്‍വകലാശാലയില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവു മറി കടന്ന് വൈസ് ചാന്‍സലര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായാണ് ആരോപണം.
ഉത്തരവനുസരിച്ച് ശമ്പള പരിഷ്കരണം മൂലം ലഭിക്കുന്ന ആനുകൂല്യങ്ങളും കുടിശികയും 2002 ഡിസംബര്‍ 31 വരെ പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കണം. എന്നാല്‍ വൈസ് ചാന്‍സലര്‍ ഈ ഉത്തരവ് മറി കടന്ന് ആനുകൂല്യങ്ങള്‍ റൊക്കമായി കൈപ്പറ്റുകയായിരുന്നു.
വൈസ് ചാന്‍സലര്‍, അധ്യാപകര്‍, മറ്റു ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ശമ്പള പരിഷ്കരണം സംബന്ധിച്ച ഉത്തരവ് ബാധകമായിട്ടുള്ളത്. സര്‍വകലാശാലയിലെ അധ്യാപകര്‍ക്കോ യു ജി സി ആനുകൂല്യം ലഭിക്കുന്ന മറ്റുള്ളവര്‍ക്കോ ലഭിക്കാത്ത ആനുകൂല്യം സ്വന്തം പദവി ദുരുപയോഗപ്പെടുത്തി വൈസ് ചാന്‍സലര്‍ എഴുതി വാങ്ങുകയായിരുന്നു.
ചരിത്ര പ്രഫസര്‍ എന്ന നിലയില്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ വാങ്ങമെങ്കിലും വിരമിച്ച ശേഷം വൈസ്ചാന്‍സലറായി സ്ഥാനമേറ്റ പ്രഫ. കുറുപ്പ് പി എഫ് ഫണ്ടില്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നിക്ഷേപിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഈ നിയമമാണ് വൈസ്ചാന്‍സലര്‍ തെറ്റിച്ചിരിക്കുന്നത്.
തുക കൈപ്പറ്റുമ്പോള്‍ ആദായ നികുതിയായി നല്‍കേണ്ട തുക ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തി സര്‍വകലാശാല ഫണ്ടില്‍ അടയ്ക്കണം. അതിനു ശേഷമേ കുടിശിക പി എഫില്‍ നിക്ഷേപിക്കാവൂ. എന്നാല്‍ ഉത്തരവിനു വിരുദ്ധമായി വൈസ് ചാന്‍സലര്‍ തന്നെ ആദായ നികുതിയായി അടയ്ക്കേണ്ട തുക കുടിശികയില്‍ നിന്നും കിഴിച്ച് ബാക്കി തുക കൈപ്പറ്റുകയായിരുന്നു.
2,61, 960 രൂപയായിരുന്നു വി സി യുടെ റിട്ടയര്‍മെന്റ് ആനുകൂല്യം. ഇതില്‍ നിന്നും ആദായനികുതി യായി 78,558 രൂപ കിഴിച്ച് ബാക്കി 1,83, 372 രൂപയാണ് വി സി കൈപ്പറ്റിയത്.












Click it and Unblock the Notifications