അബ്കാരി നയത്തിനെതിരെ സിഐടിയു വിമര്‍ശനം
ആലപ്പുഴ: ഇടതു മുന്നണി സര്‍ക്കാരിന്റെ അബ്കാരി നയത്തിനെതിരെ സിഐടിയുവിന്റെ വിമര്‍ശനം.
സിഐടിയു എട്ടാം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് സര്‍ക്കാരിനെതിരെ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.
കൊല്ലത്തും കല്ലുവാതുക്കലും ഉണ്ടായ മദ്യദുരന്തങ്ങളും അതിനു ശേഷമുള്ള സംഭവങ്ങളും കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എക്സൈസ് മന്ത്രി കൂടിയായ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ശിവദാസമേനോനെ സാക്ഷി നിര്‍ത്തിയായിരുന്നു വിമര്‍ശനം.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിനു പകരം ജനകീയ പ്രശ്നങ്ങളില്‍ നിന്നു മുഖം തിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സമ്മേളന പ്രതിനിധികള്‍ ആരോപിച്ചു.
ഇടതുസര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. തൊഴില്‍ മന്ത്രിയുടെ നീക്കങ്ങള്‍ സിഐടിയുവിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണെന്ന് പ്രതിനിധികള്‍ വിലയിരുത്തി.
നവംബര്‍ 30 വ്യാഴാഴ്ച വൈകീട്ട് ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയ്ക്കു ജനറല്‍ സെക്രട്ടറി മറുപടി പറയും. പുതിയ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ്.












Click it and Unblock the Notifications