വേദനനിവാരണ ചികിത്സയ്ക്ക് പ്രവര്‍ത്തനനയം വേണം
ദില്ലി: കാന്‍സര്‍ രോഗത്തിനെതിരായ വേദന നിവാരണ ചികിത്സയ്ക്ക് പ്രവര്‍ത്തന നയം രൂപീകരിക്കണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാന്‍സര്‍ രോഗികള്‍ക്ക് കഴിച്ചാല്‍ ഏറെ ആശ്വാസം കിട്ടുന്ന മോര്‍ഫിന്റെ ലഭ്യതയും ഉയര്‍ത്തണമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ എം.ആര്‍. രാജഗോപാല്‍ ആവശ്യപ്പെട്ടു.
വേദനാസംഹാര ചികിത്സ യെ സംബന്ധിച്ച് ഇപ്പോഴുള്ള നയം ഇതുവരെയും ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി. അസഹനീയമായ വേദനയാല്‍ നരകിക്കുന്ന രോഗികള്‍ക്ക് വേദനയില്‍ നിന്നും ആശ്വാസം നല്‍കലാണ് വേണ്ടതെന്ന് കോഴിക്കോട്ട് ആസ്ഥാനമായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ തലവന്‍ ക ൂടിയായ രാജഗോപാല്‍ പറഞ്ഞു.
ഇന്ത്യയില്‍ മാരക വേദനയാല്‍ നരകിക്കുന്ന 20 ലക്ഷത്തിലധികം രോഗികളുണ്ട്. എന്നാല്‍ ആശ്വാസ ചികിത്സ ലഭിക്കുന്നത് 10,000ല്‍ താഴെ പേര്‍ക്കു മാത്രമാണ്. അതിനാല്‍ കഴിക്കാവുന്ന മോര്‍ഫിന്‍ ലഭ്യത കൂട്ടുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണം.
1996 ല്‍ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചതാണ് കോഴിക്കോട്ടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി. എന്നാല്‍ പാലിയേറ്റീവ് കെയര്‍(വേദനാ നിവാരണം മാറ്റാനുള്ള ശുശ്രൂഷ) എന്ന ആശയത്തിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേണ്ടത്ര പ്രചാരമുണ്ടായിട്ടില്ലെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ തന്നെ 12 ശതമാനം രോഗികള്‍ക്കു മാത്രമേ പാലിയേറ്റീവ് കെയര്‍ ചികിത്സ കിട്ടുന്നുള്ളൂ. പശ്ചിമബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു പാലിയേറ്റീവ് കെയര്‍ സെന്റര്‍ പോലുമില്ല.
കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ സെന്ററുകളോടുള്ള പ്രതികരണം പ്രോത്സാഹന ജനകമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 23 പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ ഉണ്ട്. ഇതില്‍ അഞ്ചെണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ്.
കോഴിക്കോട് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായി രാജഗോപാല്‍ അറിയിച്ചു. വേദന സംഹാര ചികിത്സയുടെ പ്രചരണാര്‍ത്ഥം എല്ലാ സംസ്ഥാനങ്ങളിലും ശില്‍പശാലകള്‍ നടത്താന്‍ സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്.
വൈദ്യശാസ്ത്ര രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വേദനസംഹാര ചികിത്സയെപ്പറ്റി ബോധവാന്മാരാകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികളുടെ മേല്‍നോട്ടം സര്‍ക്കാര്‍ നടത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.












Click it and Unblock the Notifications