അന്വേഷണം അന്തര്‍ സംസ്ഥാന കടത്തുകാരെ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: കല്ലുവാതുക്കല്‍,പള്ളിക്കല്‍ വിഷമദ്യദുരന്തത്തിനു കാരണമായ വിഷസ്പിരിറ്റിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം സംസ്ഥാനത്തിനു പുറത്തുള്ള സ്പിരിറ്റ് കടത്തുകാരെ കേന്ദ്രീകരിച്ചായി.
മണിച്ചന് ഈ വിഷസ്പിരിറ്റ് എത്തിച്ചു നല്‍കിയത് സംസ്ഥാനാന്തര കടത്തുകാരായ മഹേഷ്, സല്യൂട്ടന്‍ എന്നിവരാണെന്നു കണ്ടെത്തിയതോടെ ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മഹേഷിന്റെയും സല്യൂട്ടന്റെയും വസതികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. മണിച്ചന്റെ സഹോദരന്‍ കൊച്ചനിയില്‍ നിന്നും ഹയറുന്നീസ വാങ്ങി വിതരണം ചെയ്ത വിഷസ്പിരിറ്റ് എത്തിയത് ചെന്നൈയില്‍ നിന്നു തൃശൂര്‍ വഴിയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ചെന്നൈയിലുള്ള സ്പിരിറ്റ് കടത്തുകാരനായ മഹേഷില്‍ നിന്നും കമ്മീഷന്‍ ഏജന്റായ തൃശൂര്‍ ഊരകം സ്വദേശി സല്യൂട്ടന്‍ എന്ന സലില്‍രാജിലൂടെയാണ് കൊച്ചനിക്ക് സ്പിരിറ്റ് ലഭിച്ചത്. ദുരന്തമുണ്ടായതു മുതല്‍ മഹേഷും സല്യൂട്ടനും ഒളിവിലാണ്. രാധ എന്നു വിളിച്ചിരുന്ന രാധാകൃഷ്ണന്‍ എന്ന ചെറുകിട സ്പിരിറ്റ് കടത്തുകാരന്റെ മകനാണ് ഇപ്പോള്‍ പ്രമുഖ സ്പിരിറ്റു കടത്തുകാരനായ മഹേഷ്(30). കേരളത്തില്‍ ചാരായ നിരോധനം നടപ്പാക്കിയതിനു ശേഷം ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കച്ചവടം മെച്ചപ്പെടുത്തി വളര്‍ന്ന സ്പിരിറ്റു കടത്തുകാരില്‍ ഒരാളാണ് മഹേഷ്.
സ്വന്തമായി നിര വധി ടാങ്കറുകള്‍ ഉള്ള മഹേഷ് കര്‍ണാടകയില്‍ നിന്നും ചെന്നൈയില്‍ നിന്നും ലോഡ് കണക്കിനു സ്പിരിറ്റ് കടത്തിയിരുന്നതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്.
ദുരന്തത്തിനു മുമ്പ് ലിറ്ററിന് 50-55 രൂപയ്ക്കായിരുന്നു സ്പിരിറ്റ് വിറ്റിരുന്നത്. ചെന്നൈയില്‍ 23 രൂപയാണ് ലിറ്ററിനു വില. ഒരു ടാങ്കറില്‍ ഒരു തവണ കടത്താനാകുന്നത് 12,000 ലിറ്റര്‍ സ്പിരിറ്റാണ് . ഒരു ലോഡ് കേരളത്തിലെത്തുമ്പോള്‍ മഹേഷിനെപ്പോലുള്ള കടത്തുകാര്‍ക്ക് കിട്ടുന്ന ലാഭം ഏകദേശം മൂന്ന് ലക്ഷം രൂപയാണ്. സല്യൂട്ടനെപ്പോലുള്ള ഇടനിലക്കാര്‍ക്ക് ലിറ്ററിന് മൂന്ന് മുതല്‍ അഞ്ച് രൂപ വരെ കമ്മിഷന്‍ കിട്ടുന്നു. അതായത് ലോഡൊന്നിന് 40,000 മുതല്‍ 50,000 രൂപ വരെ.
ഒളിവിലായിരുന്ന കാലത്ത് മണിച്ചനെ സംരക്ഷിച്ചിരുന്നത് തിരുവനന്തപുരം സ്വദേശി ബൈജു എന്ന സ്പിരിറ്റു കടത്തുകാരനായിരുന്നുവെന്നും അറിവായിട്ടുണ്ട്. മൊബൈല്‍ ഫോണിലൂടെ മണിച്ചന്‍ ബൈജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ചെന്നൈയിലെ കുമാര്‍ ചെട്ടി, അനിയന്‍ രവി അണ്ണാച്ചി എന്നിവരാണ് ബൈജുവിന് സ്പിരിറ്റ് നല്‍കുന്നത്. എക്സൈസിലേയും പൊലീസിലെയും ഉന്നത ഉദ്യോസസ്ഥരില്‍ ഈ സംഘത്തിന് വന്‍ സ്വാധീനമുണ്ടായിരുന്നു. ബൈജുവിനെ പിടികൂടിയാല്‍ മണിച്ചന്‍ ഉള്‍പ്പെടുന്ന വന്‍ശൃംഖലയുടെ രഹസ്യങ്ങള്‍ പുറത്താകും.












Click it and Unblock the Notifications