തീവണ്ടിയപകടം: മമത രാജിവെച്ചു
ദില്ലി: പഞ്ചാബിലുണ്ടായ തീവണ്ടിയപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് റെയില്‍വെ മന്ത്രി മമത ബാനര്‍ജി രാജിവെച്ചു.
ഡിസംബര്‍ നാല് തിങ്കളാഴ്ച രാവിലെ 7.30നാണ് പ്രധാനമന്ത്രി വാജ്പേയിക്ക് മമത തന്റെ രാജി അയച്ചു കൊടുത്തത്.തീവണ്ടികള്‍ കൂട്ടിയിടിച്ച് 46 പേര്‍ മരിക്കാനിടയായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയാത്തതിനാലാണ് മന്ത്രി സ്ഥാനമൊഴിയുന്നതെന്ന് രാജിക്കത്തില്‍ മമത പറഞ്ഞു.
പഞ്ചാബിലെ രജ്പുര- സിര്‍ഹിന്ദ് റെയില്‍വെ സ്റേഷനുകള്‍ക്കിടയ്ക്ക് ഡിസംബര്‍ രണ്ട് ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അമൃത്സറിലേയ്ക്കു പോകുകയായിരുന്ന ഹൗറ എക്സ്പ്രസ് പാളം തെറ്റിക്കിടക്കുകയായിരുന്ന ഗുഡ്സ് വാഗണുകളില്‍ ഇടിക്കുകയായിരുന്നു.
മമതയുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചിട്ടില്ല. രാജിയെക്കുറിച്ച് പ്രധാനമന്ത്രി മമതയുമായി തിങ്കളാഴ്ച വൈകീട്ട് ചര്‍ച്ച നടത്തുമെന്നറിയുന്നു. ഇതിനു ശേഷം മാത്രമേ തീരുമാനമുണ്ടാവുകയുള്ളൂ.
വാജ്പേയി സര്‍ക്കാരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് മമത ബാനര്‍ജി രാജിവെക്കുന്നത്. നേരത്തേ പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജി നല്കിയിരുന്നുവെങ്കിലും വിലവര്‍ധന പുനഃപരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കിയതിനെത്തുടര്‍ന്ന് അത് പിന്‍വലിക്കുകയായിരുന്നു.
തീവണ്ടിയപകടത്തെക്കുറിച്ച് മമത പാര്‍ലമെന്റില്‍ തിങ്കളാഴ്ച പ്രസ്താവന നടത്താനിരിക്കുകയാണ്.












Click it and Unblock the Notifications