മൃതദേഹത്തിനുള്ള തിരച്ചില്‍ വീണ്ടും നിര്‍ത്തി
മലപ്പുറം: ചേകന്നൂര്‍ മൗലവിയുടെ ശരീരാവശിഷ്ടങ്ങള്‍ക്കായി തുടങ്ങിയ രണ്ടാം ഘട്ട തിരച്ചില്‍ സിബിഐ ഡിസംബര്‍ നാല് തിങ്കളാഴ്ച അവസാനിപ്പിച്ചു. പ്രതികളെ ചൊവാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നുള്ളതിനാലാണ് രണ്ടാം ഘട്ട തിരച്ചില്‍ അവസാനിപ്പിക്കാന്‍ സിബിഐ അധികൃതര്‍ തീരുമാനിച്ചത്.
ഡിസംബര്‍ മൂന്ന് ഞായറാഴ്ച ആരംഭിച്ച രണ്ടാം ഘട്ട തിരച്ചിലില്‍ മണ്ണിനടിയില്‍ നിന്ന് ഭാഗികമായി ദ്രവിച്ച ഒരു ജോഡി തുകല്‍ ചെരുപ്പുകള്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരത്താണ് ഇവ ലഭിച്ചത്.
ചെരുപ്പ് മൗലവിയുടേതാണെന്ന് ഉറപ്പായിട്ടില്ലെങ്കിലും ഇത് വിലപ്പെട്ട തെളിവാകാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. കണ്ടെടുത്ത ചെരുപ്പുകള്‍ വീതി കൂടിയവയാണ്. തടിച്ച ശരീരമായിരുന്നു മൗലവിയുടേത്.
രണ്ടു ചെരിപ്പുകളും അടുത്തടുത്താണ് കിടന്നിരുന്നത്. എട്ടു മുതല്‍ ഒമ്പത് അടി വരെ ആഴത്തില്‍ മണ്ണു നീക്കിയപ്പോഴാണ് ഇവ കണ്ടെത്തിയത്. വിജനമായ പ്രദേശത്ത് ഇത്രയും ആഴത്തില്‍ ചെരുപ്പു കണ്ടെത്തിയതാണ് ആകാംക്ഷയ്ക്കു കാരണം.
മൃതദേഹം മറവു ചെയ്ത ശേഷം ചെരുപ്പുകള്‍ കുഴിയില്‍ തന്നെ ഇട്ടതാകാമെന്നാണ് സിബിഐയുടെ നിഗമനം. മൃതശരീരം പിന്നീട് കുഴിയില്‍ നിന്നു മാറ്റിയിരിക്കാമെങ്കിലും ചെരുപ്പുകള്‍ ശ്രദ്ധിക്കാതിരുന്നതാകാമെന്നും സിബിഐ കരുതുന്നു.












Click it and Unblock the Notifications