ഗോശ്രീ പദ്ധതിയില്‍ അനിശ്ചിതത്വം തുടരുന്നു
കൊച്ചി: കൊച്ചി നഗരത്തേയും വൈപ്പിന്‍ ഉള്‍പ്പെടെയുള്ള ദ്വീപസമൂഹങ്ങളേയും പാലങ്ങള്‍ വഴി ബന്ധിപ്പിക്കുന്ന ഗോശ്രീ പദ്ധതിയില്‍ അനിശ്ചിതത്വം തുടരുന്നു. പദ്ധതി നടപ്പാക്കാന്‍ വൈകുന്നത് വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് പദ്ധതിയെയും പ്രതികൂലമായി ബാധിക്കും. ഗോശ്രീ പദ്ധതിയിലെ എറണാകുളം- ബോള്‍ഗാട്ടി- വല്ലാര്‍പാടം പാലങ്ങള്‍ ടെര്‍മിനല്‍ പദ്ധതിയുടെ ഭാഗമാണ്.
പദ്ധതിക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരേണ്ടിയിരുന്ന യോഗം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. സംസ്ഥാന സഹകരണ ബാങ്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉള്‍പെട്ട കണ്‍സോര്‍ഷ്യം പദ്ധതിക്കു വേണ്ടി രൂപീകരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു യോഗം വിളിച്ചിരുന്നത്. യോഗം റദ്ദാക്കിയതോടെ പദ്ധതിയില്‍ സര്‍ക്കാരിനുള്ള താത്പര്യത്തെക്കുറിച്ച് വീണ്ടും സംശയമുയര്‍ന്നിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഗോശ്രീ ദ്വീപ് വികസന അഥോറിറ്റിയുമായും കൊച്ചി തുറമുഖ ട്രസ്റ്റുമായും പദ്ധതി സംബന്ധിച്ച ത്രികക്ഷി കരാറില്‍ ഇനിയും ഒപ്പു വച്ചിട്ടില്ല. അതിനാലാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന യോഗം റദ്ദാക്കിയത്. പദ്ധതിക്കായി കൊച്ചിക്കായലില്‍ 25 ഹെക്ടര്‍ നികത്തിയെടുക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ളതാണ് ത്രികക്ഷി കരാര്‍.
കഴിഞ്ഞ രണ്ട് മന്ത്രിസഭായോഗങ്ങളിലും ത്രികക്ഷി കരാര്‍ സംബന്ധിച്ചുള്ള തീരുമാനമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തിരുന്നില്ല.
കഴിഞ്ഞ നവംബര്‍ എട്ടിന് സംസ്ഥാന സഹകരണ ബാങ്ക് മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തുടര്‍ച്ചയായിരുന്നു തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്നത്.
സാങ്കേതിക കാരണങ്ങളാല്‍ യോഗം മാറ്റി വയ്ക്കണമെന്ന് ഗോശ്രീ അഥോറിറ്റി ആവശ്യപ്പെടുകയായിരുന്നുവെന്ന് സഹകരണബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ത്രികക്ഷി കരാര്‍ ഒപ്പിടുന്നതിന് സര്‍ക്കാരിനുള്ള വൈമനസ്യവും വായ്പ തിരിച്ചടവിന് ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ തയ്യാറാകാത്തതുമാണ് യോഗം റദ്ദാക്കാന്‍ കാരണമെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ സംശയിക്കുന്നു.
വിവിധ ഘട്ടങ്ങളില്‍ ഹൈക്കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ കാര്യങ്ങളില്‍ അല്‍പമെങ്കിലും നീക്കുപോക്കുണ്ടായതെന്ന് വൈപ്പിന്‍- എറണാകുളം പാലങ്ങള്‍ക്കു വേണ്ടിയുള്ള ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മജ്നു കോമത്ത് ചൂണ്ടിക്കാട്ടി. പദ്ധതിക്കായുള്ള കായല്‍ നികത്ത് തുറമുഖട്രസ്റ്റ് മുന്‍കൈയെടുത്ത് ഏറെ പുരോഗമിച്ചെങ്കിലും പദ്ധതിക്ക് സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ചിരുന്നില്ല. ആക്ഷന്‍ കൗണ്‍സില്‍ കോടതിയില്‍ നിന്നും വിധി സമ്പാദിച്ചതിനെത്തുടര്‍ന്നാണ് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പിന്നീട് ഇക്കഴിഞ്ഞ സപ്തംബറില്‍ ത്രികക്ഷി കരാര്‍ ഒപ്പു വയ്ക്കാനും കോടതി ഉത്തരവു നല്‍കുകയായിരുന്നു. പക്ഷേ ആക്ഷന്‍കൗണ്‍സില്‍ ചീഫ്സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചതിനു ശേഷമാണ് ധനകാര്യസ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
നവംബര്‍ എട്ടിന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പദ്ധതിക്കായി 84 കോടി രൂപ വായ്പ നല്‍കാന്‍ സംസ്ഥാന സഹകരണ ബാങ്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വിജയ ബാങ്ക്, ദേന ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എറണാകുളം, കോട്ടയം, തൃശൂര്‍ സഹകരണബാങ്കുകള്‍, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്‍്റ് കോര്‍പറേഷന്‍ എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും സനദ്ധമാണെന്നറിയിച്ചു. ബാങ്ക് ഓഫ് ബറോഡ, സിണ്ടിക്കേറ്റ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകള്‍ അടുത്ത യോഗത്തില്‍ തീരുമാനമറിയിക്കാമെന്നും വാഗ്ദാനം ചെയംതിരുന്നു. ഈ യോഗമാണ് റദ്ദാക്കപ്പെട്ടത്.












Click it and Unblock the Notifications