തപാല്‍ സമരം തുടങ്ങി
ദില്ലി: ജീവനക്കാരും പോസ്റല്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ നാലു കരാറുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ ഡിസംബര്‍ അഞ്ച് ചൊവാഴ്ച രാവിലെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.
കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികള്‍, ബിജെപി എന്നിവയോട് ആഭിമുഖ്യമുള്ള 22 യൂണിയനുകളും അവയുടെ ഫെഡറേഷനുകളുമാണ് പണിമുടക്കുന്നത്.
3,10,000 വരുന്ന ഇഡി ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട തല്‍വാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, മറ്റു സ്ഥിരം ജീവനക്കാരുടെ ശമ്പള സ്കെയിലിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നേരത്തേ ജീവനക്കാര്‍ പണിമുടക്കു നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോസ്റല്‍ ബോര്‍ഡ് ജീവനക്കാരുമായി നാലു കരാറുകള്‍ ഒപ്പിട്ടത്.
എന്നാല്‍ കരാര്‍ നടപ്പാക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ വിഷയം എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിക്കു വിട്ടു. സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നുവെങ്കിലും പണിമുടക്കു നോട്ടീസ് പിന്‍വലിച്ചാല്‍ മാത്രമെ കരാറുകള്‍ പരിഗണിക്കുകയുള്ളു എന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തപാല്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്.












Click it and Unblock the Notifications