മാനവീയം ജനവരിയില്‍ സമാപിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സഹസ്രാബ്ദ സാംസ്കാരിക പരിപാടി മാനവീയം 2001 ജനവരി 26 ന് സമാപിക്കും. സാംസ്കാരിക മന്ത്രി ടി കെ രാമകൃഷ്ണന്‍ അറിയിച്ചതാണിത്.
കാസര്‍ഗോട്ടു നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന സാംസ്കാരിക ജാഥയാണ് മാനവീയം പരിപാടിയിലെ അവസാന ഇനം. ജാഥ ഡിസംബര്‍ 10 വെള്ളിയാഴ്ച കാസര്‍ഗോട്ടു നിന്നാരംഭിക്കും. 44 ദിവസത്തെ യാത്രയ്ക്കു ശേഷം ജനവരി 26 ന് തലസ്ഥാനത്തെത്തും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപ്രദര്‍ശനങ്ങള്‍, ചിത്രപ്രദര്‍ശനം, പുസ്തക പ്രദര്‍ശനം തുടങ്ങിയവ സാസ്കാരിക ജാഥയുടെ ഭാഗമായി നടക്കും.
2250 മീറ്റര്‍ നീളമുള്ള സഹസ്രാബ്ദ കാന്‍വാസില്‍ ഇന്ത്യയിലെ പ്രമുഖ ചിത്രാകാരന്മാര്‍ വരയ്ക്കും. 2001 ജനവരി ഒന്നിന് കോഴിക്കോട്ടാണ് ഭീമന്‍ കാന്‍വാന്‍സിലെ ചിത്രരചന.
ഡിസംബര്‍ 12 ന് കൊല്ലത്തു വച്ച് സരോദ് മാന്ത്രികന്‍ അലി അക്ബര്‍ ഖാനും തബല വിദഗ്ധന്‍ സ്വപന്‍ ചൗധരിയും ചേര്‍ന്ന് ജൂഗല്‍ബന്ദി നടത്തും.
ഡിസംബര്‍ 31 ന് , ജനവരി ഒന്ന് തീയതികളില്‍ കൊച്ചിയില്‍ കവിതയുടെയും കലയുടെയും ഉത്സവം നടത്തും.
മാനവീയം പരിപാടിക്കായി ഇതുവരെ ഒന്നര കോടിയോളം രൂപ സര്‍ക്കാര്‍ ചെലവാക്കിയതായി മന്ത്രി രാമകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 71 ലക്ഷം രൂപ ഒറീസയില്‍ സ്ഥാപിക്കുന്ന മാനവീയം ഗ്രാമത്തിനായി മുടക്കിയതാണ്. മാനവീയം പരിപാടികളില്‍ തദ്ദേശീയരായ കലാകാരന്മാരെ അവഗണിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് എ കെ ആന്റണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications