സംസ്ഥാന ട്രഷറി പൂട്ടുന്നു?
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ സംസ്ഥാന ട്രഷറി അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. ഇപ്പോഴത്തെ നിലയില്‍ ഡിസംബര്‍ പകുതിയോടെ ട്രഷറി ഇടപാടുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കേണ്ടി വരും.
ഡിസംബര്‍ മാസത്തില്‍ അധികച്ചെലവിനു വേണ്ട 400 കോടി രൂപ സ്വരൂപിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ക്രിസ്ത്മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനവരിയിലെ ശമ്പളം ഡിസംബര്‍ 20 മുതല്‍ വിതരണം ചെയ്യാന്‍ 300 കോടി രൂപ വേണം. ഇതിനു പുറമെ കോടതി നിര്‍ദ്ദേശപ്രകാരം കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ 100 കോടി രൂപയും വേണം.
ഇതിനു പുറമെ ട്രഷറിയില്‍ നിക്ഷേപിച്ച 495 കോടി ഉടനെ തിരിച്ചെടുക്കണമെന്ന് ജില്ലാ സഹകരണ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നതിനു കാരണമായിരിക്കുകയാണ്.
പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തവര്‍ഷം നല്കേണ്ട സഹായത്തില്‍ നിന്ന് 80 കോടി രൂപ മുന്‍കൂറായി നല്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ വില്പന നികുതി പിരിവ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഡിസംബര്‍ മാസത്തെ വില്പനനികുതി കൂടി മുന്‍കൂറായി പിരിക്കുന്നതിലൂടെ ഈ വകയില്‍ 200 കോടി രൂപ സമാഹരിക്കാനാണ് പരിപാടി. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടി രണ്ടാഴ്ചയില്‍ താഴെ മാത്രമെ സമയമുള്ളു എന്നതാണ് സര്‍ക്കാരിനെ വിഷമിപ്പിക്കുന്നത്.
മാതൃഭൂമിയിലാണ് ഈ വാര്‍ത്ത വന്നത്.












Click it and Unblock the Notifications