ഗോറിന്റെ അവസാന പ്രതീക്ഷയായ നിയമയുദ്ധം വ്യാഴാഴ്ച
തലാഹാസി: അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അല്‍ ഗോറിന്റെ അവസാന പ്രതീക്ഷയായ നിയമയുദ്ധം ഫ്ലോറിഡ സുപ്രീം കോടതിയില്‍ ഡിസംബര്‍ ഏഴ് വ്യാഴാഴ്ച തുടങ്ങും.
വിവാദമായ കൗണ്ടികളില്‍ വീണ്ടും വോട്ടെണ്ണാനും കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ അന്തിമഫലത്തില്‍ ഉള്‍പ്പെടുത്താനുമുള്ള അല്‍ ഗോറിന്റെ അപ്പീലിന്മേലാണ് കോടതി വാദം കേള്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് വാദം കേള്‍ക്കല്‍. ഡിംസബര്‍ നാല് തിങ്കളാഴ്ച ഒരു കീഴ്ക്കോടതി ഗോറിന്റെ ഈ ആവശ്യം തള്ളിയിരുന്നു.
എന്തുതന്നെയായാലും ഒരു മാസമായി തുടരുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അനിശ്ചിതത്വം ഈ നിയമയുദ്ധത്തോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഫ്ലോറിഡ സുപ്രീം കോടതിയുടെ വിധി എന്തായാലും അത് അന്തിമമായി കരുതാനാണ് ഗോര്‍ പക്ഷം തീരുമാനിച്ചിട്ടുള്ളത്. ഡെമോക്രാറ്റ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ലീബര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.