ഘടകകക്ഷികള്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്കുന്നു
ദില്ലി: ദേശീയ ജനാധിപത്യ സഖ്യത്തിന്റ അജന്‍ഡയില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ വ്യതിചലിക്കുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് തെലുഗുദേശവും ഡിഎംകെയും മുന്നറിയിപ്പു നല്കി.
ബാബറി മസ്ജിദ് പ്രശ്നത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഈ കക്ഷികള്‍ മുന്നറിയിപ്പു നല്കിയത്.
ഡിസംബര്‍ ഒമ്പത് ശനിയാഴ്ച ഹൈദരാബാദില്‍ നടന്ന തെലുഗുദേശം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും അനാവശ്യവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
തന്റെ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി ഡിസംബര്‍ 11 തിങ്കളാഴ്ചയ്ക്കു മുമ്പ് വിശദീകരണം നല്കണമെന്ന് യോഗം ആവശ്യപ്പെട്ടതായി തെലുഗുദേശം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് യേരം നായിഡു വാര്‍ത്താലേഖകരെ അറിയിച്ചു. എന്നാല്‍ മുന്നണിയുടെ അജന്‍ഡയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതു വരെ വ്യതിചലിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ അജന്‍ഡയ്ക്കു പുറത്തുള്ള കാര്യങ്ങള്‍ പറയുന്നത് സ്വീകാര്യമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധി ചെന്നൈയില്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം തന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നു വിശദീകരിക്കാനില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു. ഘടകക്ഷികളില്‍ നിന്ന് തന്റെ മുകളില്‍ സമ്മര്‍ദ്ദമൊന്നുമില്ലെന്ന് വാജ്പേയി വ്യക്തമാക്കി.












Click it and Unblock the Notifications