കണ്ണൂരില്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗം ചേരുന്നു
കണ്ണൂര്‍: സിപിഎം-ബിജെപി സംഘട്ടനത്തെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായ കണ്ണൂരില്‍ ഡിസംബര്‍ 11 തിങ്കളാഴ്ച സര്‍വകക്ഷിയോഗം ചേരും. കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി ടി.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ കുറെ ദിവസങ്ങളായി കൂത്തുപറമ്പ്, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നുവരുന്ന സംഘട്ടനങ്ങളില്‍ ആറു പേര്‍ മരിച്ചിരുന്നു. ജില്ലയുടെ തെക്കന്‍ ഭാഗത്തെ ചിലയിടങ്ങളില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂത്തുപറമ്പില്‍ അക്രമിസംഘത്തെ വിരട്ടിയോടിക്കാന്‍ ഡിസംബര്‍ എട്ട് വെള്ളിയാഴ്ച പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്. ഇതില്‍ 10 പേര്‍ സിപിഎമ്മുകാരും രണ്ടു പേര്‍ ബിജെപിക്കാരുമാണ്. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റു ചെയ്തിട്ടില്ല.
അക്രമത്തെക്കുറിച്ച് സിപിഎമ്മും ബിജെപിയും പ്രസ്താവനായുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപിയുടെ കേന്ദ്രനേതാക്കള്‍ കേരളത്തില്‍ വന്ന് ഇതിനകം തന്നെ ആരോപിച്ചു കഴിഞ്ഞു. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നും സംഭവത്തില്‍ ഒരു കേന്ദ്രമന്ത്രിക്ക് പങ്കുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആരോപിച്ചിരുന്നു.
അതേസമയം ബിജെപിയുടെ അഞ്ചംഗ കേന്ദ്രസംഘം ഡിസംബര്‍ ഒമ്പത് ശനിയാഴ്ച വൈകുന്നേരം പാനൂരിലെത്തും. സംഘം ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് പോയത്. അക്രമങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ സംഘം സന്ദര്‍ശിച്ചു. പിന്നീടാണ് സംഘം പാനൂരിലേക്ക് തിരിച്ചത്.


Click it and Unblock the Notifications