ഇനി തേങ്ങാപ്പിണ്ണാക്കും വിദേശത്തു നിന്ന്
കൊച്ചി: കേരത്തിന്റെ നാടായ കേരളത്തിന് എല്ലാ നാളികേര ഉല്പന്നങ്ങളും അന്യമാകുന്നോ..? ഇന്തോനേഷ്യയില്‍ നിന്ന് 10,000 ടണ്ണിലേറെ തേങ്ങാ പിണ്ണാക്കുമായി പൈന്‍ട്രീ എന്ന കപ്പല്‍ ഡിസംബര്‍ എട്ട് വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് എത്തിയതോടെ നാളികേര കര്‍ഷകര്‍ പുതിയൊരു പ്രതിസന്ധിയെ നേരിടുകയാണ്.
10,506 ടണ്‍ തേങ്ങാപ്പിണ്ണാക്കാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 7,350 ടണ്‍ കളമശ്ശേരിയിലെ ഒരു കന്നുകാലി തീറ്റ നിര്‍മ്മാണ യൂണിറ്റിനും 3,156 ടണ്‍ ഇരിങ്ങാലക്കുടയിലെ ഒരു സോള്‍വെന്റ് എക്സ്ട്രാക്ഷന്‍ കമ്പനിക്കുമാണത്രെ. തുറമുഖത്തിറക്കുന്ന പിണ്ണാക്ക് ടിപ്പറുകളില്‍ കയറ്റി ഗോഡൗണില്‍ സൂക്ഷിച്ചതിനു ശേഷം കമ്പനികളിലേക്കയക്കും.
ഇത്രയും ടണ്‍ പിണ്ണാക്ക് ഒരുമിച്ച് കേരളത്തിലെത്തിയത് നാളികേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവെ കരുതുന്നത്. ഇറക്കുമതി ചെയ്ത പിണ്ണാക്കിന് ക്വിന്റലിന് ഡ്യൂട്ടി അടക്കം 600 രൂപയേ വരൂ. അതേ സമയം നാടന്‍ പിണ്ണാക്ക് എക്സ്പെല്ലര്‍ ക്വിന്റലിന് 700 രൂപയും റോട്ടിക്ക് 750 രൂപയുമാണ് വില.
പിണ്ണാക്കിന് അന്താരാഷ്ട്രവിപണിയില്‍ വില ടണ്ണിന് 90 ഡോളറാണ്. 40 ശതമാനം തീരുവ ചുമത്തി പിണ്ണാക്ക് ഇറക്കുമതി ചെയ്താലും ടണ്ണിന് 6,000 രൂപയില്‍ കൂടില്ല എന്നത് വ്യാപാരികളെ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. ഇറക്കുമതി വര്‍ദ്ധിക്കുകയാണെങ്കില്‍ നാളികേരത്തില്‍ നിന്നുള്ള ഒരുല്പന്നത്തിനു കൂടി കേരളത്തിലെ വിപണി നഷ്ടമാകും.


Click it and Unblock the Notifications