ഫ്ലോറിഡ കോടതി വിധി ഗോറിന് അനുകൂലം
ടലഹാസി: ഫ്ലോറിഡയിലെ മിയാമി- ഡേഡ് കൗണ്ടിയിലെ 9,000 ബാലറ്റുകള്‍ വീണ്ടും എണ്ണാന്‍ ഡിസംബര്‍ ഒമ്പത് ശനിയാഴ്ച ഫ്ലോറിഡ സുപ്രീം കോടതി വിധിച്ചു.
ഫ്ലോറിഡയില്‍ ബുഷിന്റെ ലീഡ് കോടതി 154 വോട്ടായി വെട്ടിക്കുറച്ചിട്ടുമുണ്ട്. കൈകൊണ്ട് എണ്ണിത്തീരുകയും എന്നാല്‍ നവംബര്‍ 26 ഞായറാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ ഫ്ലോറിഡ സ്റേറ്റ് സെക്രട്ടറി സ്വീകരിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്ത വോട്ടുകള്‍ ഉള്‍പ്പെടുത്തിയതോടെയാണിത്. കൈകൊണ്ടുള്ള വോട്ടെണ്ണലില്‍ പാംബീച്ച് കൗണ്ടിയില്‍ 215 വോട്ടും മിയാമി- ഡേഡ് കൗണ്ടിയില്‍ 168 വോട്ടുകള്‍ ഗോറിന് അധികം ലഭിച്ചിരുന്നു.
സുപ്രീം കോടതി ബഞ്ചിന് ഈ തീരുമാനത്തിലെത്താന്‍ വോട്ടെടുപ്പ് വേണ്ടി വന്നു. മൂന്നിനെതിരെ നാലു വോട്ടിനാണ് കോടതി ഗോറിന് അനുകൂലമായ നിലപാട് എടുത്തത്. ഫ്ലോറിഡ കോടതി വിധി വന്നയുടനെ തന്നെ വീണ്ടും വോട്ടെണ്ണാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ്ജ് ബുഷ് യുഎസ് സൂപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
അതേ സമയം കോടതി വിധി ഗോറിന് അനുകൂലമാവുകയാണെങ്കില്‍ ബുഷിനെ ഫ്ലോറിഡയിലെ വിജയിയായി പ്രഖ്യാപിക്കാന്‍ റിപ്പബ്ലിക്കന്‍ കക്ഷിക്കു ഭൂരിപക്ഷമുള്ള ഫ്ലോറിഡ സംസ്ഥാനത്തെ നിയമനിര്‍മ്മാണ സഭ നീക്കം തുടങ്ങിക്കഴിഞ്ഞു.