നവാസ് ഷെരീഫിനെ നാടുകടത്തി
ഇസ്ലാമാബാദ്: പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അവിടത്തെ പട്ടാള ഭരണകൂടം സൗദി അറേബ്യയിലേക്കു നാടുകടത്തി.
നവാസ് ഷെരീഫിനെ സൗദി അറേബ്യയിലേക്കു നാടുകടത്തി. രാജ്യത്തിന്റെയും ഇവിടത്തെ ജനങ്ങളുടെയും താല്പര്യം കണക്കിലെടുത്താണ് ഈ തീരുമാനം.- ഒരു ദിവസം നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 10 ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷം പാകിസ്താന്‍ സൈനിക ഭരണകൂടത്തിന്റെ വക്താവ് അറിയിച്ചു.
പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷാറഫുമായുണ്ടാക്കിയ കരാറനുസരിച്ച് ഷെരീഫിന്റെ ജീവപര്യന്തം തടവുശിക്ഷ ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പകരമായി ഷെരീഫിന് പാകിസ്താനിലുള്ള 50 കോടി രൂപയുടെ സ്വത്തുക്കള്‍ ഉപേക്ഷിക്കണം. അടുത്ത 21 വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല എന്നും നിബന്ധനയുണ്ട്.
ഷെരീഫിന്റെ ഭാര്യ കുത്സും, ഷെരീഫിന്റെ പിതാവ്, ജയില്‍ ശിക്ഷയനുഭവിക്കുന്ന ഇളയ സഹോദരന്‍ എന്നിവരുള്‍പ്പടെ 19 പേരാണ് പാകിസ്താന്‍ വിട്ട് സൗദി അറേബ്യയിലേക്കു പോകുന്നതെന്ന് പാകിസ്താന്‍ മുസ്ലിം ലീഗിന്റെ ഒരു വക്താവ് അറിയിച്ചു.
നേരത്തെ പാകിസ്താന്റെ ഏറ്റവുമടുത്ത സുഹൃദ് രാഷ്ട്രമായ സൗദി അറേബ്യ മാനുഷിക പരിഗണനകള്‍ കണക്കിലെടുത്ത് ഷെരീഫിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഷെരിഫീനെ സൗദിയിലേക്കു നാടുകടത്തുന്നതിനു വഴിവെച്ചത്.
ഷെരീഫിനെ കൊണ്ടുപോകാനായി സൗദി രാജകുടുംബത്തിന്റെ വിമാനം ഇസ്ലാമാദിലെ സൈനിക വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications