ടാറ്റ ജൈവ തേയില കൃഷി തുടങ്ങി
കൊച്ചി: പ്രമുഖ തേയില നിര്‍മ്മാതാക്കളായ ടാറ്റാ ടീ ലിമിറ്റഡ്(ടിടിഎല്‍) ജൈവ തേയില കൃഷി തുടങ്ങി. പൂര്‍ണ്ണമായും ജൈവവളങ്ങള്‍ മാത്രമുപയോഗിച്ചു കൃഷി ചെയ്യുന്ന ഈ തേയിലയ്ക്കു ഗുണനിലവാരം കൂടും.
ജൈവതേയില മൂന്നു വര്‍ഷത്തിനകം കമ്പോളത്തിലെത്തുമെന്ന് ടിടിഎല്‍ വൈസ് പ്രസിഡന്റ് ടി.ദാമുവും ജനറല്‍ മാനേജര്‍ കെ.എന്‍.ദേശായിയും ഡിസംബര്‍ 11 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടിടിഎല്ലിന്റെ മൂന്നാറിലുള്ള തേയിലത്തോട്ടങ്ങളില്‍ 500 ഏക്കര്‍ ജൈവതേയില കൃഷിക്കായി നീക്കിവെച്ചിരിക്കുകയാണ്. ജൈവതേയില കൃഷിക്കുളള തയ്യാറെടുപ്പുകള്‍ രണ്ടു വര്‍ഷം മുമ്പു തന്നെ ആരംഭിച്ചിരുന്നു.
ജര്‍മ്മനിയും ബ്രിട്ടനും ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൈവതേയിലയോടുള്ള വര്‍ധിച്ച താല്പര്യമാണ് ഈ മേഖലയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ടിടിഎല്ലിനെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സാധാരണ തേയിലയെക്കാള്‍ മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ വില ജൈവതേയിലക്ക് ലഭിക്കും.
തേയിലയുടെ വിലയിടിവു കാരണം കമ്പനിയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം കുറഞ്ഞതായി ദാമുവും ദേശായിയും വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ടിടിഎല്ലിന്റെ ലാഭം 125 കോടി രൂപയാണ്.
ടിടിഎല്ലിന്റെ പുതിയ ഉല്പന്നമായ കന്നിമല തേയില തിങ്കളാഴ്ച വിപണിയിലിറക്കി. പ്രധാനമായും കേരളീയരെ ഉദ്ദേശിച്ചാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. മൂന്നാറിലെ കന്നിമല എസ്റേറ്റില്‍ പ്രതിവര്‍ഷം പത്തുലക്ഷം കിലോ തേയില ഉല്പാദിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications