അയോധ്യ: പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും
ദില്ലി: അയോധ്യപ്രശ്നത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയതോടെ ഇതു സംബന്ധിച്ചു പാര്‍ലമെന്റില്‍ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്കു വിരാമമായി.
ഡിസംബര്‍ 12 ചൊവാഴ്ച ഉച്ചതിരിഞ്ഞ് ലോക്സഭാ സ്പീക്കര്‍ ജി.എം.സി.ബാലയോഗി വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്. നേരത്തേ പ്രതിപക്ഷം ബഹളം തുടര്‍ന്നതു കാരണം പാര്‍ലമെന്റിന്റെ ഇരു സഭകളും നടപടികളിലേക്കു കടക്കാതെ പിരിഞ്ഞിരുന്നു. ബഹളം കാരണം തുടര്‍ച്ചയായി ഏഴാം ദിവസമാണ് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സ്പീക്കര്‍ വീണ്ടും കക്ഷി നേതാക്കളുടെ യോഗം വിളിക്കുകയായിരുന്നു.
ഡിസംബര്‍ 13 ബുധനാഴ്ച ഉച്ചതിരിഞ്ഞ് ചര്‍ച്ച ആരംഭിക്കും. ചര്‍ച്ച ചെയ്യേണ്ട പ്രമേയത്തിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്ന് സ്പീക്കര്‍ തീരുമാനിക്കും. ഇതു സംബന്ധിച്ചു ലഭിച്ച 54 നോട്ടീസുകളുടെയും ഉള്ളടക്കം പരിശോധിച്ചായിരിക്കും സ്പീക്കര്‍ പ്രമേയം തയ്യാറാക്കുക. പ്രമേയം അവതരിപ്പിക്കേണ്ടയാളിനെ നോട്ടീസ് നല്കിയവരുടെ പേരുകള്‍ നറുക്കിട്ട് തീരുമാനിക്കും.
പ്രമേയത്തിന് പ്രധാനമന്ത്രി ഡിസംബര്‍ 14 വ്യാഴാഴ്ച മറുപടി പറയും. അതിനുശേഷം സഭാചട്ടങ്ങളിലെ 184ാം വകുപ്പു പ്രകാരം പ്രമേയം വോട്ടിനിടും.
പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തുമെന്നും അവിടെ നിന്ന് ചര്‍ച്ചയാരംഭിക്കാമെന്നുമുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രതിപക്ഷം സ്വീകരിച്ചില്ല.
പ്രമേയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും ഇതു സംബന്ധിച്ച് പ്രതിപക്ഷ നിരയില്‍ നിലനിന്നിരുന്ന ഭിന്നത ചൊവാഴ്ചയും ദൃശ്യമായി. കുറ്റപത്രം ലഭിച്ച മന്ത്രിമാരുടെ രാജി ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനോടൊപ്പം പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയും ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ സിപിഎമ്മും സമാജ്വാദി പാര്‍ട്ടിയും ഉള്‍പ്പടെയുള്ള മറ്റു കക്ഷികള്‍ ഉറച്ചു നിന്നു.












Click it and Unblock the Notifications