കെപിസിസി എക്സിക്യൂട്ടീവ് ഡിസംബര്‍ 17ന് കൊച്ചിയില്‍
കൊച്ചി: നിര്‍ണ്ണായകമായ കെപിസിസി എക്സിക്യൂട്ടീവ് യോഗം ഡിസംബര്‍ 17 ഞായറാഴ്ച കൊച്ചിയില്‍ നടക്കും. അടുത്തു തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യോഗം നടക്കുന്നത്.
കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും യോഗത്തില്‍ പങ്കെടുക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റ സൗകര്യാര്‍ത്ഥമാണ് യോഗം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്.
നിയമസഭാ സമ്മേളനത്തിന് തൊട്ടുമുമ്പ് കെപിസിസി എക്സിക്യൂട്ടീവ് കൂടണമെന്ന ആവശ്യത്തിന് സമ്മതം നല്‍കിയ കരുണാകരന്‍ താന്‍ കൊച്ചിയിലുളള ദിവസങ്ങളില്‍ യോഗം ചേരാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഡിസംബര്‍ 15 വെള്ളിയാഴ്ച കൊച്ചിയിലെത്തുന്ന കരുണാകരന്‍ 18ന് തിരുവനന്തപുരത്തേക്ക് മടങ്ങും. കരുണാകരന്റെ അസൗകര്യങ്ങളെ തുടര്‍ന്ന് ഇതിനു മുമ്പ് മൂന്നു തവണ യോഗം മാറ്റിവെച്ചിരുന്നു. ഒരു യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല.
17ന് ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഗ്രൂപ്പ് വ്യത്യാസങ്ങള്‍ മറന്ന് തിരഞ്ഞെടുപ്പിന് കച്ച മുറുക്കാനുള്ള ഫോര്‍മുല ഉരുത്തിരിക്കാന്‍ യോഗത്തില്‍ ശ്രമമുണ്ടാകും.
അതേസമയം പ്ലസ് ടു, വിഷമദ്യദുരന്തം, കണ്ണൂര്‍, പറശ്ശിനിക്കടവ് തുടങ്ങിയ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നിട്ടും അത് മുതലാക്കാന്‍ യുഡിഎഫിന് കഴിയാത്തത് യോഗത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടേക്കും. പ്ലസ് ടു പ്രശ്നവും വിഷമദ്യദുരന്തവും ജനകീയ വിഷയങ്ങളാക്കി മാറ്റുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടതായി കരുണാകരന്‍ തുറന്നടിച്ചു കഴിഞ്ഞു.
കരുണാകരനെ പിണക്കാതെ ഗ്രൂപ്പുകള്‍ തമ്മില്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താനാണ് ഹൈക്കമാണ്ടിന്റെ ശ്രമം. കോണ്‍ഗ്രസിന് ഭരണം വീണ്ടെടുക്കാവുന്ന സംസ്ഥാനമെന്ന നിലയ്ക്ക് ഇതിന് സഹായകമായ സമീപനം സ്വീകരിക്കാനാണ് ഹൈക്കമാണ്ടിന്റെ പ്രതിനിധിയായെത്തുന്ന ഗുലാം നബി ആസാദിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.












Click it and Unblock the Notifications