അതിര്‍ത്തി കടന്ന് മീന്‍പിടിച്ച ശ്രീലങ്കക്കാരെ വിട്ടു
കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് കടലില്‍ മീന്‍പിടുത്തം നടത്തിയതിന് ജയിലിലടച്ചിരുന്ന 52 ശ്രീലങ്കന്‍ പൗരന്മാര്‍ ഒരു കൊല്ലത്തെ ജയില്‍വാസത്തിനു ശേഷം മോചിതരായി. ശ്രീലങ്കന്‍ വിദേശകാര്യവകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇവരെ വിട്ടയക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങും.
അറബിക്കടലില്‍ അനധികൃതമായി മീന്‍പിടുത്തം നടത്തിക്കൊണ്ടിരുന്ന 15 ബോട്ടുകള്‍ കഴിഞ്ഞ ജനുവരിയിലാണ് തീരരക്ഷാസേനയുടെ പിടിയിലായത്. നിയമനടപടിയെത്തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവരെ തിരുവനന്തപുരം, തൃശൂര്‍ ജയിലുകളിലേക്ക് മാറ്റി. വിവരമറിഞ്ഞ ശ്രീലങ്കന്‍ വിദേശകാര്യവകുപ്പ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കണക്കിലെടുത്ത് കോടതി ഇവരെ വിട്ടയക്കുകയായിരുന്നു.
52 പേര്‍ മോചിതരായെങ്കിലും മുപ്പതോളം ശ്രീലങ്കക്കാര്‍ ഇനിയും ജയിലുകളില്‍ കഴിയുകയാണ്. പിടികൂടിയ ബോട്ടുകള്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. ബോട്ടുകളുടെ സ്രാങ്കുമാര്‍ക്കെതിരെ കേസ് നിലവിലുള്ളതിനാല്‍ അവരെയും വിട്ടയച്ചിട്ടില്ല. ഇവരുടെ മോചനത്തിനായി ശ്രമം നടക്കുന്നുണ്ട്.
ചെന്നൈ ശ്രീലങ്കന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം വൈപ്പിനിലെത്തി 52 പേര്‍ക്കുമുള്ള യാത്രാരേഖകള്‍ തയ്യാറാക്കി. ശ്രീലങ്കയില്‍ നിന്നും ആവശ്യമായ രേഖകള്‍ രണ്ടു ദിവസത്തിനുള്ളില്‍ എത്തുമെന്നും അതിനുശേഷം ഇവരെ തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കുമെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശ്രീലങ്കയിലെ നീര്‍ക്കുളമ്പ്, ഭേരുവാല, ഗാംപാ, കാല്‍തുറ, പൂത്തുലം ജില്ലകളില്‍ നിന്നുള്ളവരാണ് മീന്‍പിടുത്ത തൊഴിലാളികള്‍. 19 മുതല്‍ 56 വയസ്സ് വരെ പ്രായമുള്ളവരാണ് സംഘത്തില്‍. അഞ്ചു പേരൊഴികെയുള്ളവരെല്ലാം വിവാഹിതരാണ്.












Click it and Unblock the Notifications