കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഭൂചലനം; ഇനിയുമുണ്ടായേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഡിസംബര്‍ 12 ചൊവാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. ആളപായം ഉണ്ടായിട്ടില്ല.

ഇടുക്കി ജില്ലയിലെ പൈനാവ് കേന്ദ്രീകരിച്ച് ചൊവാഴ്ച രണ്ടു തവണയാണ് ഭൂചലനമുണ്ടായത്. എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഭൂമികുലുക്കം ശക്തമായി അനുഭവപ്പെട്ടത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഭൂചലനത്തിന്റെ അലകളുണ്ടായി.

റിച്ചര്‍ സ്കെയിലില്‍ ഭൂകമ്പത്തിന്റെ ശക്തി അഞ്ച് ആണ് രേഖപ്പെടുത്തിയത്. രാവിലെ 6:54:21നാണ് ഭൂമികുലുക്കമുണ്ടായത്. അഞ്ചു സെക്കന്റോളം ഭൂമികുലുക്കം അനുഭവപ്പെട്ടു. അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ ഭൂമികുലുക്കം കേരളത്തില്‍ ഉണ്ടായിട്ടില്ല.

ഇനിയും ഭൂചലനം ഉണ്ടായേക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുന്‍കരുതലുകളെടുക്കാന്‍ ഡിജിപി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭൂചലനത്തെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ചില വീടുകളില്‍ വിള്ളലുണ്ടായി. കോട്ടയം ജില്ലയിലെ ചില ഭാഗങ്ങളില്‍ ടെലഫോണ്‍ ബന്ധവും വൈദ്യതിയും തടസപ്പെട്ടു.

ഭൂമികുലുക്കത്തോടൊപ്പം പല സ്ഥലങ്ങളിലും ഉച്ചത്തിലുള്ള ശബ്ദവും മുഴങ്ങി. കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും ഭൂമികുലുക്കത്തില്‍ വിറകൊണ്ടു. വീടുകള്‍ക്കകത്തെ ഉപകരണങ്ങള്‍ ഭൂമികുലുക്കത്തിന്റെ ശക്തിയില്‍ ചെറുതായി നീങ്ങിയതായും അനുഭവപ്പെട്ടു.

ഭൂചലനമുണ്ടായപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ജനങ്ങള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി.

ശബരിമലയില്‍ ഒരു കെട്ടിടത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് അതിനകത്തുണ്ടായിരുന്ന അയ്യപ്പതീര്‍ഥാടകര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

പമ്പയില്‍ മലമുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ബസ്സ് ഭൂമികുലുക്കത്തിന്റെ ശക്തിയില്‍ മുന്നോട്ടുനീങ്ങി. ഡ്രൈവര്‍ ബ്രെയ്ക്കിട്ട് ബസ് നിര്‍ത്തിയതിനാല്‍ അപകടമൊന്നുമുണ്ടായില്ല.

ഇടുക്കിയില്‍ അടിമാലി, കട്ടപ്പന, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ സാമാന്യം ശക്തമായി ഭൂമി കുലുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചിലയിടങ്ങളില്‍ സ്ഫോടനസമാനമായ ശബ്ദം കേട്ടതായും പറയുന്നു.

കോട്ടയത്ത് എല്ലാ ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടു. എറണാകുളം ജില്ലയില്‍ കൊച്ചി നഗരം, കളമശേരി, ആലുവ, നെടുമ്പാശേരി, എടത്തല, അങ്കമാലി, തൃപ്പൂണിത്തുറ, ഏലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X