വ്യാപാരി വ്യവസായി ഏകോപനസമിതി പിളര്‍ന്നു
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയില്‍ പിളര്‍പ്പ്. സംഘടനയിലെ അംഗങ്ങളായിരുന്ന ഒരു വിഭാഗം ചെറുകിട വ്യാപാരികള്‍ കൊച്ചി ആസ്ഥാനമാക്കി കേരള ചെറുകിട വ്യാപാരി വ്യവസായി സംയുക്ത സംഘം എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു.
സംസ്ഥാനാടിസ്ഥനത്തില്‍ രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടനം ഡിസംബര്‍ 19 ചൊവാഴ്ച എറണാകുളത്ത് ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നിര്‍വഹിക്കും.
വന്‍കിട വ്യാപാരികളുടെ താല്പര്യം മാത്രമാണ് ഏകോപനസമിതി സംരക്ഷിക്കുന്നതെന്ന് പുതിയ സംഘടനയുടെ പ്രസിഡണ്ട് കെ.ജെ. ടോമി ആരോപിച്ചു. മറ്റു വ്യാപാരി സംഘടനകളും ചെറുകിട വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും ചെറുകിട വ്യാപാര, വ്യവസായ മേഖലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുയാണ് പുതിയ സംഘടനയുടെ ലക്ഷ്യമെന്ന് സംഘം ഭാരവാഹികള്‍ വ്യക്തമാക്കി. അംഗങ്ങളുടെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, മരണാനന്തര സഹായം, ചികിത്സാ സഹായനിധി, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ സംഘം ഉടനെ നടപ്പിലാക്കും.
ചെറുകിട വ്യാപാരികള്‍ക്കും വ്യവസായങ്ങള്‍ക്കും ഗാര്‍ഹിക നിരക്കില്‍ വൈദ്യുതി, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി, ചെറുകിട വ്യവസായ ഉല്‍പന്നങ്ങള്‍ക്ക് വില്‍പന നികുതി ഒഴിവാക്കുക, സര്‍ക്കാര്‍ തലത്തില്‍ ക്ഷേമനിധിയും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളടങ്ങിയ അവകാശപത്രിക സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications