ബുഷ് വിജയിയെന്ന് അല്‍ഗോര്‍
വാഷിംഗ്ടണ്‍: നിയമയുദ്ധത്തില്‍ നിന്നും താന്‍ പിന്‍മാറുന്നെന്നും അമേരിക്കയുടെ അടുത്ത പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് ബുഷിനെ താന്‍ അംഗീകരിക്കുന്നുവെന്നും ഡമോക്രാറ്റ് സ്ഥാനാര്‍ഥി അല്‍ഗോര്‍ പ്രഖ്യാപിച്ചു. ഇതോടെ ആഴ്ചകള്‍ നീണ്ടുനിന്ന നിയമയുദ്ധത്തിലെ അനിശ്ചിതത്വത്തിനു ശേഷം അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരമായി.
ഗോറിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബുഷ് ടെക്സാസിലെ പ്രതിനിധി സഭയില്‍ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്തു.
അമേരിക്കയുടെ 43-ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ബുഷിനെ താന്‍ അഭിനന്ദിച്ചതായി ഗോര്‍ അറിയിച്ചു. യു.എസ്.സുപ്രിം കോടതി വിധിയോട് താന്‍ ശക്തമായി വിയോജിക്കുന്നെങ്കിലും താന്‍ അത് അംഗീകരിക്കുന്നുവെന്ന് ഗോര്‍ പറഞ്ഞു. അമേരിക്കന്‍ ജനതയുടെ ഐക്യത്തിനും ജനാധിപത്യത്തിന്റെ നിലനില്പിനും വേണ്ടിയാണ് നിയമയുദ്ധത്തില്‍ നിന്ന് താന്‍ പിന്‍മാറുന്നത്. തിരഞ്ഞെടുപ്പിന്റെ അന്തിമഫലത്തെ താന്‍ അംഗീകരിക്കുന്നു.
ഒരു ജനതയെന്ന നിലയില്‍ ഇനി ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടതെന്ന് അമേരിക്കക്കാരെ ബുഷ് തന്റെ പ്രസംഗത്തില്‍ ഉത്ബോധിപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നുള്ള ഗോറിന്റെ പിന്‍വാങ്ങലിനെ ദയാപരം എന്നാണ് ബുഷ് വിശേഷിപ്പിച്ചത്.
ഡിസംബര്‍ 18ന് തിരഞ്ഞെടുപ്പിന്റെ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.












Click it and Unblock the Notifications