കൊച്ചി തുറമുഖത്ത് വീണ്ടും കപ്പലിടിച്ചു
കൊച്ചി: കൊച്ചി തുറമുഖത്ത് ബര്‍ത്തില്‍ വീണ്ടും കപ്പലിടിച്ചു. ഡിസംബര്‍ 14 വ്യാഴാഴ്ച തുറമുഖത്തെത്തിയ ഗള്‍ഫ് സരണ്‍ ദ്വീപ് എന്ന കപ്പലാണ് ക്യു എട്ട് ബര്‍ത്തിലിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ മുന്‍വശം തകര്‍ന്നു. ബര്‍ത്തിന് കാര്യമായ കേടുപാടില്ല. കപ്പല്‍ അടുപ്പിക്കുമ്പോള്‍ ക്യാപ്റ്റന്റെ അശ്രദ്ധ മൂലമാണ് കപ്പലിടിച്ചതെന്ന് പറയുന്നു.
കൊളംബോ-കൊച്ചി-ദുബായ് റൂട്ടില്‍ ഫീഡര്‍ സര്‍വീസ് നടത്തുന്ന കപ്പലാണിത്. കപ്പലിലുണ്ടായിരുന്ന 120 കണ്ടെയ്നറുകള്‍ തുറമുഖത്തിറക്കി. ഇവിടെ നിന്നും കയറ്റേണ്ട 180 കണ്ടെയ്നറുകള്‍ കപ്പലിന്റെ കേടുപാട് തീര്‍ക്കാതെ കയറ്റാന്‍ കഴിയില്ല. കൊച്ചിയിലെ ഒരു കമ്പനി അറ്റക്കുറ്റപ്പണി നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കപ്പലിടിച്ചതിനെ തുടര്‍ന്ന് തുറമുഖത്തെത്തിനുണ്ടായ നഷ്ടം കണക്കാക്കി വരികയാണ്.
ഏതാനും ആഴ്ച മുമ്പ് മറ്റൊരു കപ്പല്‍ തുറമുഖത്തിടിച്ച് കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications